കീഴാറ്റൂര്‍ ബൈപ്പാസ് : നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രനിര്‍ദേശം ; വയല്‍ക്കിളികളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു

കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്.  വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും 
കീഴാറ്റൂര്‍ ബൈപ്പാസ് : നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രനിര്‍ദേശം ; വയല്‍ക്കിളികളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു

കണ്ണൂര്‍ : കീഴാറ്റൂര്‍ ദേശീയ പാത വികസന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശീയ പാത അധികൃതര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കി. ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. 

കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇക്കാര്യം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. വയല്‍ക്കിളികളുമായി ഗഡ്കരി അടുത്തമാസം ആദ്യം ചര്‍ച്ച നടത്തുമെന്നാണ് സൂചന. ബൈപ്പാസ് നിര്‍മ്മാണത്തിനായി ഈ മാസം 13 നാണ് കേന്ദ്ര ഉപതിതല ഗതാഗത വകുപ്പ് നോട്ടിഫിക്കേഷന്‍ ഇറക്കിയത്. 

ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നത് പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വനം പരിസ്ഥിതി മന്ത്രാലയവും, ബിജെപി നേതൃത്വവും ബൈപ്പാസ് നിര്‍മ്മാണത്തെ എതിര്‍ത്തിരുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ ശക്തമായ സമരമാണ് നടന്നത്. എന്നാല്‍ ബൈപ്പാസ് നിര്‍മ്മാണത്തെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അനുകൂലിക്കുന്നു. ബൈപ്പാസ് നിര്‍മ്മാണത്തെ ചൊല്ലി പ്രദേശത്തെ സിപിഎമ്മിലും ഭിന്നത ഉണ്ടായിരുന്നു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് കീഴാറ്റൂരില്‍ ബൈപ്പാസിനായി ബഹുജന റാലിയും സംഘടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com