'കുട്ടികളില്‍പ്പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസനാണ് മോദി' ; കേരളത്തിലെ കുഞ്ഞുങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയായെന്ന് തോമസ് ഐസക്ക്

'കുട്ടികളില്‍പ്പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസനാണ് മോദി' ; കേരളത്തിലെ കുഞ്ഞുങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയായെന്ന് തോമസ് ഐസക്ക്

സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയ്ക്കുവേണ്ടി കേരളത്തിനു നല്‍കേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറയ്ക്കുക വഴി ആധുനിക കംസന്റെ ഭീരുത്വമാണ് നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും പ്രകടിപ്പിക്കുന്നത്


തിരുവനന്തപുരം : ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് കേരളത്തിന്റെ കുഞ്ഞുങ്ങളും ഇരയാവുകയാണെന്ന് മന്ത്രി തോമസ് ഐസക്ക്. സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയ്ക്കുവേണ്ടി കേരളത്തിനു നല്‍കേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറച്ചതിനെതിരെയാണ് ധനമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്. കുട്ടികളില്‍പ്പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണ് നരേന്ദ്രമോദി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടി അനുവദിച്ചപ്പോള്‍ കേരളത്തിന് തുച്ഛമായ 206 കോടിയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 


കേരളത്തിന്റെ കുഞ്ഞുങ്ങളും ബി.ജെ.പിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാവുകയാണ്. കുട്ടികളില്‍പ്പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണ് നരേന്ദ്രമോദി. സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയ്ക്കുവേണ്ടി കേരളത്തിനു നല്‍കേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറയ്ക്കുകവഴി ആധുനിക കംസന്റെ ഭീരുത്വമാണ് നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും പ്രകടിപ്പിക്കുന്നത്.

പരാക്രമം കുഞ്ഞുങ്ങളോടല്ല വേണ്ടത് എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഖേദപൂര്‍വം ഓര്‍മ്മപ്പെടുത്തട്ടെ. കുഞ്ഞുങ്ങളോടൊന്നും ഇത്ര വൈരാഗ്യം പാടില്ല. അതും പൊതുവിദ്യാഭ്യാസരംഗത്ത് നാം നടത്തിയ മുന്നേറ്റങ്ങള്‍ രാജ്യത്തിനാകെ മാതൃകയാകുന്ന ഇക്കാലത്ത്! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടി അനുവദിച്ചപ്പോള്‍ കേരളത്തിന് തുച്ഛമായ 206 കോടി. കുട്ടികളോട് കൊടുംക്രൂരതയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്.

നമ്മുടെ വിദ്യാലയങ്ങളെയും കുഞ്ഞുങ്ങളെയും ഏറെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ ഏപ്രിലില്‍ ഇന്‍ഡിക്കേറ്റീവ് ബജറ്റില്‍ വകയിരുത്തിയിരുന്ന 413 കോടി രൂപയാണ് 206 കോടിയായി വെട്ടിച്ചുരുക്കിയത്. ബജറ്റിലെ നീക്കിയിരിപ്പു തന്നെ പരിമിതമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വീണ്ടും നടത്തിയ വെട്ടിക്കുറവ്.

സൌജന്യ പുസ്തകം, യൂണിഫോം, പെണ്‍കുട്ടികള്‍ക്ക് ആയോധന വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ടീച്ചര്‍ ട്രെയ്‌നിങ് തുടങ്ങി 38 ഇനങ്ങള്‍ക്കായി 1941.10 കോടിയുടെ പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌കരിച്ചത്. ഈ പദ്ധതികളെല്ലാം പാടെ തഴയുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടത്. ഇന്‍ഡിക്കേറ്റീവ് ബജറ്റില്‍ കാര്യമായ മാറ്റംവരുത്താതെ യുപിക്ക് 4773.10കോടിയും രാജസ്ഥാന് 2717.18 കോടിയും മധ്യപ്രദേശിന് 2406.60 കോടിയും തമിഴ്‌നാടിന് 1422കോടിയും അനുവദിച്ചപ്പോള്‍ കേരളത്തെയും കര്‍ണാടകത്തെയും പൂര്‍ണമായും തഴഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിക്കുന്ന ഇന്ദ്രജാലവിസ്മയങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന സമയത്തു തന്നെയാണ് കേന്ദ്രത്തിന്റെ ഈ ഇരുട്ടടി. കേരളത്തിന്റെ രാഷ്ട്രീയപ്രതിബദ്ധതയോടുള്ള ബിജെപിയുടെ പകപോക്കല്‍ സമീപനത്തിന് ഇപ്പോള്‍ കുഞ്ഞുങ്ങളും ഇരയാവുകയാണ്.

ഒരിക്കല്‍ക്കൂടി നരേന്ദ്രമോദിയോടു പറയട്ടെ, പരാക്രമം കുഞ്ഞുങ്ങളോടല്ല സര്‍ വേണ്ടൂ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com