പുനലൂര്‍ താലൂക്ക് ആശുപത്രിയെ തകര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ലോബികളുടെ ഗൂഢാലോചന; വ്യാപക വ്യാജപ്രചാരണം, ചെറുത്തുതോല്‍പ്പിക്കുമെന്ന് സൂപ്രണ്ട്

കേരളത്തിലെ വന്‍കിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തില്‍ പേരുകേട്ട പുനലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയെ തകര്‍ക്കാന്‍ സ്വകാര്യ ആശുപത്രി ലോബിയുടെ ശ്രമം. 
പുനലൂര്‍ താലൂക്ക് ആശുപത്രിയെ തകര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ലോബികളുടെ ഗൂഢാലോചന; വ്യാപക വ്യാജപ്രചാരണം, ചെറുത്തുതോല്‍പ്പിക്കുമെന്ന് സൂപ്രണ്ട്

കേരളത്തിലെ വന്‍കിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തില്‍ പേരുകേട്ട പുനലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയെ തകര്‍ക്കാന്‍ സ്വകാര്യ ആശുപത്രി ലോബിയുടെ ശ്രമം. ഒരുകൂട്ടം സ്വകാര്യ ആശുപത്രികളും സാമൂഹ്യവിരുദ്ധരും ആശുപത്രിയെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടത്തിയെന്നും അതിനായി കിണഞ്ഞ് ശ്രമിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ ഷാ സമകാലിക മലയാളത്തോട് പറഞ്ഞു. 
പുതിയ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാന്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രി ലോബികള്‍ ആശുപത്രിക്കും തനിക്കുമെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ഷാഹിര്‍ ഷാ പറഞ്ഞു. 

അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍, ഓക്‌സിജന്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന സംവിധാനങ്ങള്‍, വേദനരഹിത പ്രസവം സാധ്യമാക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങള്‍ ഉള്ള പ്രസവ വാര്‍ഡ്, എല്ലാ വാര്‍ഡുകളിലും മ്യുസിക് സിസ്റ്റം, കുട്ടികള്‍ക്ക് കളിക്കാന്‍ സൗകര്യമുള്ള പൂന്തോട്ടം, ആയിരം ഡയാലിസിസ് ഒരു മാസം നടക്കുന്ന സര്‍ക്കാര്‍ താലൂക്ക് ആശുപത്രി എന്നൊക്കെ പേരുകേട്ടിരുന്ന ഈ ആശുപത്രിയുടെ സ്വപ്‌നപദ്ധതിയായ പത്തുനില കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് എന്നാണ് ഡോക്ടര്‍ ആരോപിക്കുന്നത്. 

സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടിയും അല്ലാതെയും ഡോ. ഷാഹിര്‍ ഷായ്ക്ക് എതിരെ വ്യാപക പ്രാചരണമാണ് നടക്കുന്നത്. അതേപ്പറ്റി ഡോക്ടര്‍ സമകാലിക മലയാളത്തോട് പറഞ്ഞത് ഇങ്ങനെ: 

നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരുകൂട്ടം മനുഷ്യരുടെ വലിയ സ്വപ്നത്തെ

2010ല്‍ ചാര്‍ജ് എടുക്കുന്ന സമയത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആശുപത്രിയായിരുന്നു ഇത്. കൊല്ലം ജില്ലയിലെ 23 ആദിവാസി സെറ്റില്‍മെന്റുകളില്‍ 21ഉം പുനലൂരാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് സ്ഥിരം പരിഹാരം കണ്ടെത്തണം എന്ന ഒറ്റലക്ഷ്യമാണ് ആശുപത്രിയെ ഇക്കാണുംവിധം മാറ്റിയെടുക്കാന്‍ പ്രേരിപ്പിച്ചത്. ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തു,ഇപ്പോഴും ചെയ്തുകൊണ്ടേയിരിക്കുന്നു.ഇനിയും ചെയ്യും. അപ്പോഴാണ് ആശുപത്രിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ ആശുപത്രി ലോബികള്‍ രംഗത്തെത്തിയിരിക്കുന്നത്. 

കെട്ടിടത്തിന്റെ രൂപരേഖ
 

സ്വന്തമായി എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഒരു ആശുപത്രി സമുച്ചയം എന്ന ഞങ്ങളുടെ സ്വപ്‌നമാണ് ഇപ്പോള്‍ പടിപടിയായി പുരോഗമിക്കുന്നത്. രണ്ടുതവണ പദ്ധതി മുടങ്ങി. പുതിയ കെട്ടിടം കിട്ടുന്നതുവരെ കാത്തിരിക്കാന്‍ കഴിയാത്തുകൊണ്ടാണ് പഴയ കെട്ടിടങ്ങള്‍ പുതുക്കി പണിതും സംവിധാനങ്ങള്‍ പരാമവധി പ്രയോജനപ്പെടുത്തിയും ഇക്കാണുംവിധമാക്കിയത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഞങ്ങള്‍ ഇതെല്ലാം നേടിയെടുത്തത്. മാസശമ്പളം മാറ്റിവച്ചും സന്നദ്ധസംഘടനകളുടെ സഹായംകൊണ്ടുമൊക്കെയാണ് ആശുപത്രിയെ വളര്‍ത്തിയത്. 

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കിഫ്ബി വഴി ആദ്യം അനുവദിച്ച പദ്ധതികളിലൊന്നാണ് ഞങ്ങളുടെ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം എന്നത്. 70കോടിയിലേറെ മുടക്കി എല്ലാ സൗകര്യങ്ങളുമുള്ള പത്തുനില കെട്ടിടമാണ് പണിയുന്നത്. ഇതിന്റെ പണി തുടങ്ങിയത് മുതലാണ് പ്രശ്‌നങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്. രണ്ടുലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 94 ഐസിയു, 33 ഡയാലിസിസ് യൂണിറ്റുകളുണ്ടാകും. എടിഎം സൗകര്യങ്ങളും പ്രാര്‍ത്ഥനാമുറികളും കുട്ടികള്‍ക്കുള്ള കളിസ്ഥലും എല്ലാം അതിലൂണ്ടാകും. 540 ദിവസം കൊണ്ട് പണിതീര്‍ത്ത് അടുത്ത ഓണത്തിന് ജനങ്ങള്‍ക്ക് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 

സ്വാകാര്യ ആശുപത്രികളുടെ ഗൂഢാലോചന

മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മേഖലയില സ്വകാര്യ ആശുപത്രി മുതലാളിമാര്‍ രഹസ്യയോഗം കൂടിയിരുന്നു. അതിന്റെ തെളിവ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തറപ്പിച്ചു പറയുന്നത് സ്വകാര്യ ആശുത്രികളുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന്. ഞങ്ങളുടെ ആശുപത്രി കാര്യക്ഷമമായതിന് ശേഷം പ്രദേശത്തെ മൂന്ന് വന്‍കിട സ്വകാര്യ ആശുപത്രികള്‍ക്കാണ്‌ പൂട്ടുവീണത്. ഈ പ്രദേശത്ത് നിന്നും തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജിലേക്ക് പോകുന്ന കേസുകളെല്ലാം ഇങ്ങോട്ടേക്ക് കയറിത്തുടങ്ങി.  രാഷ്ട്രീയ നേതാക്കളും റിട്ടയേഡ് സര്‍ക്കാര്‍ ഡോക്ടര്‍മാരും ഉടമകളായ സ്വകാര്യ ആശുപത്രികള്‍ നഷ്ടത്തിലാണ്. ഇത് സ്വാഭാവികമായും അവരുടെ ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അവര്‍ മനപ്പൂര്‍വം എന്നേയും ആശുപത്രിയേയും തകര്‍ക്കാന്‍ നോക്കുന്നത്. 

ഡോ.ഷാഹിര്‍ ഷാ
 

സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍

ആശുപത്രി കെട്ടിടം പണിയുന്നതില്‍ അഴിമതിയുണ്ടെന്നാണ് ഒരു ആരോപണം. മണ്ണ് കടത്തുന്നുവെന്നാണ് പറയുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. അവര്‍ വാടകയ്‌ക്കെടുത്ത സ്ഥലത്തേക്കാണ് മണ്ണ് നീക്കുന്നത്. പിന്നെ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലേക്കാണ് മാറ്റുന്നത്. ഇത് രണ്ടും സൈറ്റ് എഞ്ചിനയര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നതാണ്. അവിടെ ഞങ്ങള്‍ എങ്ങനെയാണ് മണ്ണ് കടത്തുന്നത്? ആ മണ്ണുകൊണ്ടുതന്നെയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

അടുത്ത ആരോപണം ആശുപത്രിയിലെത്തുന്ന രോഗികള്‍ മരിക്കുന്നുവെന്നാണ്. നാട്ടുകാര്‍ അത് വിശ്വസിക്കില്ലെന്ന്‌ ഞങ്ങള്‍ക്കുറപ്പുണ്ട്. അതുകൊണ്ടാണ് എനിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നത്. പഴയ കെട്ടിടം പൊളിക്കുന്നതില്‍ അഴിമതിയാണ് എന്നാണ് അടുത്ത ആരോപണം. വേറെ സ്ഥലമില്ലാത്തതുകൊണ്ടാണ് പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നത്. ആറ് ഏക്കര്‍ സ്ഥലമുണ്ടായിരുന്ന ആശുപത്രിയായിരുന്നു ഇത്. നല്ലൊരു പങ്ക് കയ്യേറിപ്പോയി. ബാക്കിയുള്ള പ്രദേശത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രസവ വാര്‍ഡും അലക്കു കേന്ദ്രവും മോര്‍ച്ചറിയുമാണ് പൊളിക്കുന്നത്. അതിന് പകരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ഇത് പൊളിച്ചാല്‍ മാത്രമേ പ്ലാന്‍ പ്രകാരമുള്ള ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളു. അതിനെതിരെ ആരോപണവുമായി വരുന്നവരുടെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാണ് എന്നാലോചിച്ചു നോക്കു. 

ആശുപത്രിയില്‍ സിസിടിവി ക്യാമറയില്ലെന്നാണ് അടുത്ത ആരോപണം. പുതിയ കെട്ടിട നിര്‍മ്മാണം നടക്കുമ്പോള്‍ പഴയ കെട്ടിടത്തില്‍ ലക്ഷങ്ങള്‍ മുടക്കി സിസിടിവി ക്യാമറ സ്ഥാപിക്കേണ്ട കാര്യമെന്താണ്?  ഇതിനിടയില്‍ എനിക്ക് നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. ആശുപത്രിയില്‍ കയറിവന്ന ഗുണ്ടാലിസ്റ്റിലുള്ളൊരാള്‍ ആക്രമിച്ചു. പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഇപ്പോള്‍ അയാള്‍ ഒളിവിലാണ്. ഇയാളുടെ കൂട്ടുകാര്‍ ഞങ്ങള്‍ക്കെതിരെ ഇവിടെ പ്രകടനം നടത്തി. എന്തൊക്കെ അസംബന്ധങ്ങളാണ് ഇവര്‍ കാട്ടിക്കൂട്ടുന്നത്. 

സ്വകാര്യ ആശുപത്രികളുടെ ഗൂഢാലോചന ചെറുത്തു തോല്‍പ്പിക്കും

എന്തുതന്നെ വന്നാലും ഞങ്ങള്‍ ആശുപത്രി ജീവനക്കാര്‍ ഒറ്റക്കെട്ടാണ്. നാട്ടുകാരും ഇവരുട വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയും. ആരോഗ്യമേഖലയിലെ കച്ചവടം ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. കുറച്ചു സാമൂഹ്യവിരുദ്ധരെ കൊണ്ട് കുപ്രചാരണം നടത്തിയാലൊന്നും ഞങ്ങളെ ഇല്ലാതാക്കാനാവില്ല. ജനങ്ങളുടെ ആരോഗ്യവും ജീവനും കച്ചവടക്കാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള  സ്വകാര്യആശുപത്രി ലോബികളുടെ എല്ലാ ശ്രമങ്ങള്‍ക്കും എതിരെ ഞങ്ങളുടെ ഈ സര്‍ക്കാരാശുപത്രി മുന്നില്‍ത്തന്നെയുണ്ടാകും. പുനലൂര്‍ താലൂക്ക് ആശുപത്രി എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സിലൂണ്ടാകുന്ന ഒരു വിശ്വാസമുണ്ട്. അത് നശിപ്പിക്കാന്‍ ഒരു ലോബിക്കും സാധിക്കില്ല. കാരണം ഞങ്ങളുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും മുകളില്‍ കെട്ടിപ്പടുത്തതാണ് ആ വിശ്വാസം...

പുതിയ കെട്ടിടത്തിനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com