ബന്ദിപ്പൂര്‍ യാത്രാ നിരോധനം നീക്കാനാവില്ല ; കേരളത്തിന്റെ ആവശ്യം കടുവാ സംരക്ഷണ അതോറിട്ടി തള്ളി

മൈസൂരില്‍ നിന്ന് രാത്രിയാത്രയ്ക്കായി സമാന്തര പാത വേണമെന്ന് അതോറിട്ടി നിര്‍ദേശം മുന്നോട്ടുവെച്ചു
ബന്ദിപ്പൂര്‍ യാത്രാ നിരോധനം നീക്കാനാവില്ല ; കേരളത്തിന്റെ ആവശ്യം കടുവാ സംരക്ഷണ അതോറിട്ടി തള്ളി

ന്യൂഡല്‍ഹി : ബന്ദിപ്പൂര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം നീക്കാനാകില്ലെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിട്ടി വ്യക്തമാക്കി. യാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം അതോറിട്ടി തള്ളി. യാതൊരു കാരണവശാലും ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രി യാത്ര നിരോധനം നീക്കാനാകില്ലെന്ന് കടുവ സംരക്ഷണ അതോറിട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മൈസൂരില്‍ നിന്ന് രാത്രിയാത്രയ്ക്കായി സമാന്തര പാത വേണമെന്ന് അതോറിട്ടി നിര്‍ദേശം മുന്നോട്ടുവെച്ചു. ഗതാഗത നിയന്ത്രണത്തിന് കര്‍ണാടകയ്ക്ക് തമിഴ്‌നാട് പിന്തുണ അറിയിച്ചു. 

രാത്രി 9 മണി മുതല്‍ രാവിലെ ആറു മണി വരെയാണ് ബന്ദിപ്പൂരിലൂടെ ഇപ്പോള്‍ ഗതാഗത നിരോധനം ഉള്ളത്. ഇത് നീക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. രാത്രി യാത്ര നിരോധനം സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണയിലാണ്. ഇക്കാര്യം പരിഗണിക്കാനായി സുപ്രീം കോടതി ഉന്നത തല സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതി നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പാണ്, ദേശിയ കടുവാ സംരക്ഷണ അതോറിട്ടി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

നിലവില്‍ ബദല്‍പാതയായി ഹുന്‍സൂര്‍ -ഗോണിക്കുപ്പകുട്ട  മാനന്തവാടി പാത യാത്രക്കായി ഉപയോഗിക്കുന്നുണ്ട്. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് 75 കോടി മുടക്കി ഈ പാത നവീകരിച്ചതായും കേരളത്തിലും കര്‍ണാടകയിലും നിന്നുള്ള യാത്രക്കാരും ചരക്കു വാഹനങ്ങളും ഈ പാത പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ബന്ദുപ്പൂരില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് ഒരു കാരണവശാലും നിലനില്‍ക്കില്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്  കൊല്ലഗല്‍ ദേശീയപാത 766, കോയമ്പത്തൂര്‍  ഗുണ്ടല്‍പ്പേട്ട് ദേശീയപാത 181 എന്നീ റോഡുകളിലാണ് ബന്ദിപ്പൂര്‍ വനസങ്കേതത്തില്‍ രാത്രി ഒന്‍പതിനും രാവിലെ ആറിനുമിടയില്‍ രാത്രിയാത്ര നിരോധിച്ച് 2010ല്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com