വീണ്ടും തെരുവ് നായ വിളയാട്ടം ; വീട്ടമ്മയുടെ ചുണ്ട് തെരുവുനായ കടിച്ചെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th July 2018 10:47 AM |
Last Updated: 29th July 2018 10:47 AM | A+A A- |

കട്ടപ്പന: ഇടുക്കി ചെമ്പകപ്പാറയിൽ വീട്ടമ്മയുടെ ചുണ്ട് തെരുവുനായ കടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണു സംഭവം. തൈപ്പൻപറമ്പിൽ മോളിക്കാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. മോളിയുടെ കീഴ് ചുണ്ട് നായ കടിച്ചെടുത്ത നിലയിലാണ്. ഇവർ ഉൾപ്പെടെ നാലുപേരെ ഇതേ നായ ആക്രമിച്ചു.
ചെമ്പകപ്പാറ കൽപ്പകശ്ശേരി ഷാജി, പരിന്തിരിക്കൽ കുഞ്ഞുമോൻ, വത്സമ്മ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. നായയുടെ മുഖത്തു തുണിയിട്ടാണ് ഷാജി രക്ഷപ്പെട്ടത്. അവിടെനിന്ന് ഒാടിയ നായ ഒരു കിലോമീറ്റർ അപ്പുറത്തുള്ള കുഞ്ഞുമോന്റെ വീട്ടിലെത്തി കുഞ്ഞുമോനെയും ഭാര്യ വത്സമ്മയെയും ആക്രമിച്ചു. പിന്നീട് മോളിയുടെ വീട്ടിലെത്തി അവരെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു. നായയ്ക്കു പേയുണ്ടായിരുന്നതായും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.