ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്, ചിലരിപ്പോഴും മാറാന്‍ തയ്യാറായിട്ടില്ല; ഉദ്യോഗസ്ഥരോട് നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

ഓരോ ഫയലും ഓരോജീവിതങ്ങളാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍
ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്, ചിലരിപ്പോഴും മാറാന്‍ തയ്യാറായിട്ടില്ല; ഉദ്യോഗസ്ഥരോട് നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓരോ ഫയലും ഓരോജീവിതങ്ങളാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളോട് മനുഷ്യത്വപരമായി ഇടപെടണമെന്നും പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണം എന്നുമുള്ള മുഖ്യമന്ത്രിയുടെ ഉപദേശം പല  ഉദ്യോഗസ്ഥരും ഗൗരവതരമായി എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാത്തതില്‍ ആലുവ സപ്ലെ ഓഫീസിന് മുന്നില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ച വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്, മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം, പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണം.' ഭരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഈ നയം മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നില്‍ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു. 

എന്നാല്‍ ചിലരെങ്കിലും ഈ മാറ്റം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല എന്നു വേണം കരുതാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആലുവയില്‍ ഉണ്ടായതു പോലുള്ള ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നത് അതിന്റെ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫീസില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞു കൊടുക്കാനാകും. ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകള്‍ കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. ഭരണവും ഭരണ നിര്‍വ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്. ഇപ്പോഴും തിരുത്താത്തവരെ ഓര്‍മ്മിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com