പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാം; ലൈംഗിക പീഡനക്കേസില്‍ ബിഷപ്പിനെ രക്ഷിക്കാന്‍ കന്യാസ്ത്രീക്ക് വാഗ്ദാനവുമായി വൈദികന്‍ 

ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ വിലപേശി രൂപത.
പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാം; ലൈംഗിക പീഡനക്കേസില്‍ ബിഷപ്പിനെ രക്ഷിക്കാന്‍ കന്യാസ്ത്രീക്ക് വാഗ്ദാനവുമായി വൈദികന്‍ 

കോട്ടയം: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ വിലപേശി രൂപത. ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രിയെ പിന്തുണയ്ക്കുന്ന മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിച്ച് ഫ്രാങ്കോ മുളയ്ക്കലിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുളള ഒത്തുതീര്‍പ്പു ശ്രമമാണ് ജലന്ധര്‍ രൂപത നടത്തിയത്. ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ച സിഎംഐ സഭയ്ക്ക് കീഴിലുളള മോനിപ്പളളി കുര്യനാട് ആശ്രമത്തിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ അനുപമയുമായുളള ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തായി. അനുപമയുടെ കുടുംബക്കാരാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കാന്‍ സഹായിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്ന് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ കന്യാസ്ത്രിയ്ക്ക് വാഗ്ദാനം നല്‍കുന്ന ഫോണ്‍സംഭാഷണമാണ് പുറത്തായത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ പിന്തുണച്ച കന്യാസ്ത്രീയ്ക്കാണ് ഒരേ സമയം വാഗ്ദാനവും പ്രലോഭനവും ഭീഷണിയും നിറഞ്ഞ ഫോണ്‍വിളി എത്തിയത്. കാഞ്ഞിരപ്പളളിയിലോ റാന്നിയിലോ വീടും വസ്തുവും വാങ്ങിത്തരാന്‍ രൂപത ഒരുക്കമാണ്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം നിര്‍മ്മിച്ചു നല്‍കാമെന്നും കന്യാസ്ത്രീയുമായുളള ഫോണ്‍സംഭാഷണത്തില്‍ ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം നല്‍കുന്നു. പരാതി പിന്‍വലിക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ രൂപത എന്തും ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്ന ഫോണ്‍സംഭാഷണം 11 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്നതാണ്. ഫോണ്‍സംഭാഷണത്തിനിടെ പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കന്യാസ്ത്രീ പറയുന്നുമുണ്ട്. 

അതേസമയം മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി ജെയിംസ് എര്‍ത്തയില്‍ മൂന്നുതവണ കുറുവിലങ്ങാട് മഠത്തില്‍ സന്ദര്‍ശനം നടത്തിയതായും അനുപമയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ജൂലൈ അഞ്ച്, 11, 28 തീയതികളിലാണ് ജെയിംസ് എര്‍ത്തയില്‍ മഠം സന്ദര്‍ശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com