അകത്ത് ആളുണ്ടെന്ന് കരുതി വീട് പൊളിച്ചു: പുറത്തു നിന്ന് യുവാവെത്തിയപ്പോള്‍ ജനം ഞെട്ടി

തകര്‍ന്ന വീണ വീടിനുള്ളില്‍ യുവാവുണ്ടെന്ന് കരുതി കെട്ടിടം പൊളിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂഴിക്കുളം: തകര്‍ന്ന വീണ വീടിനുള്ളില്‍ യുവാവുണ്ടെന്ന് കരുതി കെട്ടിടം പൊളിച്ചു. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞിട്ടും യുവാവിനെ കാണാതെ ആളുകള്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍  ബന്ധുവീട്ടിലായിരുന്ന യുവാവ് മടങ്ങിയത്തെി. പാറക്കടവ് പഞ്ചായത്തിലെ ചെട്ടിക്കുളം കോളനിക്ക് സമീപം ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ചെട്ടിക്കുളം ചൂരക്കാട്ടില്‍ ശ്രീനി (31) താമസിക്കുന്ന കാലപ്പഴക്കം ചെന്ന വീടാണ് കനത്തമഴയത്തെുടര്‍ന്ന് ഭാഗികമായി നിലം പൊത്തിയത്. 

കഴിഞ്ഞ ദിവസങ്ങളിലും വീടിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയുടെ ഒരുഭാഗവും വീണു. അതോടെ വീടിനുള്ളില്‍ കിടക്കുന്നതില്‍ പന്തികേട് തോന്നിയ ശ്രീനി ആരോടും പറയാതെ രാത്രി തന്നെ കറുകുറ്റിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ശ്രീനി പോയി അല്പം കഴിഞ്ഞപ്പോള്‍ വീടിന്റെ കിടപ്പുമുറിയുടെ ഭാഗം തകര്‍ന്നു വീണു. 

വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശ്രീനി വീടിനുള്ളില്‍ അപകടത്തില്‍പ്പെട്ടുവെന്നാണ് കരുതിയത്. നാട്ടുകാര്‍ ഒച്ചവെച്ച് വിളിച്ചിട്ടും അകത്ത് നിന്ന് അനക്കമൊന്നും ഉണ്ടായില്ല. കട്ടിലില്‍ ശ്രീനി ധരിച്ചിരുന്ന മുണ്ട് കണ്ടെത്തിയതോടെ ശ്രീനി അപകടത്തില്‍പ്പെട്ടുവെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. നാട്ടുകാരുടെ പ്രാഥമിക രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല. സംഭവമറിഞ്ഞ് അങ്കമാലി അഗ്‌നിരക്ഷാസേനയും ചെങ്ങമനാട് പോലീസും സ്ഥലത്തത്തെി.

എന്നാല്‍, കിടപ്പുമുറിയിലേക്ക് കടക്കാനായില്ല. അതോടെ മുന്‍ഭാഗം പൊളിച്ചുമാറ്റാന്‍ ജെസിബി കൊണ്ടുവന്നു. മൂന്ന് മണിക്കൂറോളമെടുത്ത് കെട്ടിടം പൂര്‍ണമായി പൊളിച്ച് നീക്കിയിട്ടും ശ്രീനിയെ കണ്ടെത്താനായില്ല. ശ്രീനിയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അതോടെ സൈബര്‍ സെല്ലിന്റെ സഹായംതേടി. അപ്പോഴാണ് കറുകുറ്റിയിലുള്ളതായി അറിയാനായത്. ഉടന്‍ ശ്രീനിയെ ചെട്ടികുളത്തേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശ്രീനി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് നാട്ടുകാര്‍ക്ക് ആശ്വാസം പകര്‍ന്നു. അതേസമയം, നാട്ടുകാര്‍ക്കുണ്ടായ ബുദ്ധിമുട്ടും കിടപ്പിടം ഇല്ലാതായതിന്റെ നിരാശയും നൊമ്പരവുമാണ് ശ്രീനിയെ വിഷമത്തിലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com