ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,395 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,395 അടിയായതിനെതുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,395 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,395 അടിയായതിനെതുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഓറഞ്ച് അലര്‍ട്ട്. ഡാമിന് താഴെയും നദിതീരത്തുള്ളവരും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ മുന്നറിയിപ്പോടുകൂടി മാത്രമേ ഷട്ടര്‍ തുറക്കുകയൊള്ളു. 2399 അടി വെള്ളമായാല്‍ റെഡ് അലര്‍ട്ട് നല്‍കും. 2403 അടിയാണ് സംഭരണിയുടെ പരമാവധിശേഷിയെങ്കിലും മുല്ലപ്പെരിയാര്‍കൂടി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുക. 

പെരിയാര്‍ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാര്‍പ്പിക്കും. മഴയുടെയും വെള്ളത്തിന്റെയും ഗതി അനുസരിച്ച് ഘട്ടം ഘട്ടമായി ഡാം തുറക്കാനാണ് തീരുമാനം. മുന്നൊരുക്കമായി 12 സമീപ പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നതിനുമുന്നോടിയായി ദേശീയ ദുരന്തനിവാരണസേന ഇന്നലെ രാത്രി ഇടുക്കിയിലെത്തിയിരുന്നു.

ചെറുതോണി ടൗണ്‍ മുതല്‍ ആലുവവരെ പെരിയാറില്‍ 90 കിലോമീറ്ററിലാണ് വെള്ളമൊഴുകുക. ഷട്ടര്‍ തുറന്ന് ഒരു മണിക്കൂറിനകം 24 കിലോമീറ്റര്‍ അകലെ ലോവര്‍പെരിയാര്‍ അണക്കെട്ടില്‍ വെള്ളമെത്തും. കല്ലാര്‍കുട്ടി നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവര്‍ഹൗസില്‍നിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവര്‍ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയില്‍നിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവര്‍പെരിയാറിന്റെ ഏഴ് ഷട്ടറുകള്‍ ഒന്നിച്ചുയര്‍ത്തേണ്ടിവരും. നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ലോവര്‍പെരിയാറില്‍നിന്ന് ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വരാപ്പുഴ കായലില്‍ ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com