എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ വീണ്ടും ചിതയൊരുക്കി സമരവുമായി പ്രീത ഷാജി: കുടിയൊഴിപ്പിക്കലിനെതിരെ മരണം വരെ സമരം തുടരാന്‍ തീരുമാനം

'ജനാധിപത്യ കേരളം മാനാത്തുപാടത്തേക്ക്' എന്ന മുദ്രാവാക്യവുമായി പ്രീതാ ഷാജിയുടെ വീട്ടുമുറ്റത്ത് നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനത്തിനു ശേഷമായിരുന്നു സമരം.
പ്രീത ഷാജി
പ്രീത ഷാജി

കൊച്ചി: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നടപടി അവസാനിപ്പിക്കണമെന്നും കുടിയൊഴിപ്പിക്കല്‍ നടപടി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പത്തടിപ്പാലം മാനാത്തുപാടം പ്രീതാ ഷാജി ചിതയൊരുക്കി നിരാഹാരം തുടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ വീടിന്റെ മുറ്റത്ത് ചിതയൊരുക്കി. ചിതയിലിരുന്നാണ് പ്രീത നിരാഹാര സമരം ചെയ്യുന്നത്.

'ജനാധിപത്യ കേരളം മാനാത്തുപാടത്തേക്ക്' എന്ന മുദ്രാവാക്യവുമായി പ്രീതാ ഷാജിയുടെ വീട്ടുമുറ്റത്ത് നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനത്തിനു ശേഷമായിരുന്നു സമരം. പിടി തോമസ് എംഎല്‍എ. സമരം ഉദ്ഘാടനം ചെയ്തു. പ്രീതാ ഷാജിയോട് കാണിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അര്‍ഹിക്കുന്ന സമരമാണ് പ്രീതയുടേതെന്നും പിടി തോമസ് പറഞ്ഞു. 

ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മാനുഷിക പ്രശ്‌നങ്ങളിലൊന്നാണീ സമരം. പ്രീതാ ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്ന പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ഫാസി ബാങ്ക് ജപ്തിവിരുദ്ധ സമരസമിതി ചെയര്‍മാന്‍ സിഎസ് മുരളി അധ്യക്ഷനായി. ഹൈബി ഈഡന്‍ എംഎല്‍എ, സിആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംഘടനാ നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ നിന്നതിന്റെ പേരില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീടും പുരയിടവും നഷ്ടമാകുമെന്ന ഘട്ടത്തിലാണ് പത്തടിപ്പാലത്ത് പ്രീത ഷാജിയും കുടുംബവും. ഒരു വര്‍ഷമായി തുടരുന്ന സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ഇടപെട്ടിരുന്നെങ്കിലും കുടിയൊഴിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജൂലൈ ഒന്‍പതിന് ഹൈക്കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് മടങ്ങി പോയിരുന്നു. ഈ സമരത്തിന്റെ ഭാഗമായി 15 ഓളം പേര്‍ റിമാന്‍ഡിലാണ്. നിരവധി ഒത്തു തീര്‍പ്പ് ചര്‍ച്ചകളും ഇടപെടലുകളും ഉണ്ടായിട്ടും കുടിയിറക്കല്‍ ഭീഷണി ഒഴിവാകാത്ത ഘട്ടത്തിലാണ് പ്രീത വീണ്ടും നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. മാര്‍ച്ചില്‍ 19 ദിവസം നടത്തിയ നിരാഹാരം മുഖ്യമന്ത്രിയുടെ ഉറപ്പിന്‍ മേലാണ് അവസാനിപ്പിച്ചത്.

പ്രീതയുടെ ഭര്‍ത്താവ് ഷാജി ബന്ധുവായ മറ്റൊരാളെ സഹായിക്കാനായിട്ടാണ്  സ്ഥലം ബാങ്കിന് പണയപ്പെടുത്തിയത്. 1994ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്ന ലോര്‍ഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയില്‍ സ്വന്തം സ്ഥലം പണയം വയ്ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്കാണ് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്. 20.75 ശതമാനം പലിശയ്ക്കാണ് സാജന്‍ അന്ന് കടമെടുത്തത്. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേല്‍ ആകുകയായിരുന്നു.

കുടിശ്ശിക കൂടിയതോടെ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് 1997ല്‍ ജാമ്യം വച്ചതില്‍ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം രൂപ അടച്ചു. പണമിടപാടിലെ ക്രമക്കേടുകള്‍ കാരണം നഷ്ടത്തിലായ ലോര്‍ഡ് കൃഷ്ണാ ബാങ്ക് 2007ല്‍ സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിക്കുകയും പിന്നീട് എച്ച്ഡിഎഫ്‌സി ഏറ്റെടുക്കുകയും ചെയ്തതോടെ കടബാധ്യത എച്ച്ഡിഎഫ്‌സി ബാങ്കിനായി. എച്ച്ഡിഎഫ്‌സി ബാങ്ക് 2013ല്‍ പണയത്തിലുള്ള വീടും പുരയിടവും സര്‍ഫാസി (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) നിയമപ്രകാരം വില്‍ക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് എത്തി.

2013ലാണ് ലേലം തീരുമാനിച്ചത് എങ്കിലും അത് അറിയിച്ചുകൊണ്ടുള്ള വിവരംപോലും ഷാജിയോ കുടുംബമോ അറിഞ്ഞില്ല. 2014 ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ ലേലം വഴിയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥലത്തിന്റെ ലേലം പൂര്‍ത്തിയാക്കുന്നത്. ലേലം നടന്ന് മാസങ്ങള്‍ പിന്നിട്ട ശേഷം മാത്രമാണ് ഷാജിയും കുടുംബവും തങ്ങളുടെ വീടും പുരയിടവും വിറ്റ് പോയതായി തന്നെ അറിയുന്നത്. കുടിയൊഴിപ്പിക്കാന്‍ എത്തിയതോടെയാണ് സമരം ആരംഭിക്കുന്നത്. സര്‍ഫാസി വിരുദ്ധ സംഘടനയുടെയും മാനത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് പ്രീത സമരം ആരംഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com