പാദപൂജ: 'നവോത്ഥാനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളീയ സമൂഹത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്'

വിദ്യാര്‍ഥികളെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ആചാരങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് നിയമലംഘനവും മനുഷ്യാവകാശ വിരുദ്ധവുമാണെന്ന് വനിത ലീഗ്
പാദപൂജ: 'നവോത്ഥാനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളീയ സമൂഹത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്'

കോഴിക്കോട്: വിദ്യാര്‍ഥികളെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ആചാരങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് നിയമലംഘനവും മനുഷ്യാവകാശ വിരുദ്ധവുമാണെന്ന് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് നൂര്‍ബിന റഷീദ്. തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിലെ സഞ്ജീവനി മാനേജ്‌മെന്റിന് കീഴിലുള്ള ഗേള്‍സ് ഹൈസ്‌കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവര്‍ ബാലാവകാശ കമീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. 

കരിക്കുലത്തിന്റെ ഭാഗമായ പാഠ്യപാഠ്യേതര വിഷയങ്ങള്‍ക്ക് പുറമെ കുട്ടികളില്‍ വിശ്വാസപരമോ ആചാരപരമോ ആയ കാര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നത് മൗലികാവകാശ ലംഘനത്തോടൊപ്പം ബാലപീഡനവുമാണെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. ഗുരുത കുറ്റകൃത്യം നടന്നിട്ടും നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും നവോത്ഥാനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളീയ സമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വിദ്യാലയങ്ങളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിനെതിരെ ബാലാവകാശ കമീഷന്‍ അടിയന്തരമായി ഇടപെട്ട് കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം'- നൂര്‍ബിന റഷീദ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com