ബൈക്കുകള്‍ തമ്മില്‍ തട്ടിയതില്‍ തര്‍ക്കം; പൊലീസുകാരനും ഭാര്യയ്ക്കും നേരെ സംഘം ചേര്‍ന്ന് ആക്രമണം, രണ്ടുപേര്‍ അറസ്റ്റില്‍ 

ബൈക്കുകള്‍ തട്ടിയതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പൊലീസുകാരനേയും ഭാര്യയേയും സംഘം ചേര്‍ന്ന് ആക്രമിച്ചു
ബൈക്കുകള്‍ തമ്മില്‍ തട്ടിയതില്‍ തര്‍ക്കം; പൊലീസുകാരനും ഭാര്യയ്ക്കും നേരെ സംഘം ചേര്‍ന്ന് ആക്രമണം, രണ്ടുപേര്‍ അറസ്റ്റില്‍ 

ചെങ്ങന്നൂര്‍: ബൈക്കുകള്‍ തട്ടിയതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പൊലീസുകാരനേയും ഭാര്യയേയും സംഘം ചേര്‍ന്ന് ആക്രമിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

ചെങ്ങന്നൂര്‍ സിഐ ഓഫീസിലെ ഡ്രൈവര്‍ മുളക്കുഴ പെരിങ്ങാല ജയവിലാസത്തില്‍ ജയേഷ്, ഭാര്യ രഞ്ജിനി എന്നിവരെയാണ് ആക്രമിച്ചത്. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജയേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ സംഘത്തിലെ പെരിങ്ങാല വെട്ടിക്കാലാ തെക്കേച്ചിറയില്‍ മനീഷ് ആണ് അറസ്റ്റിലായത്. പിടികൂടിയ മറ്റു പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പെണ്ണുക്കര പുത്തന്‍പറമ്പില്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്‌തെന്ന് സിഐ എം സുധിലാല്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ പെണ്ണുക്കര കനാല്‍ ജംഗ്ഷന് സമീപമാണ് സംഭവം. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രഞ്ജിനിയോടൊപ്പം ബൈക്കില്‍ കായംകുളത്തെ വീട്ടില്‍ പോയി വരികയായിരുന്നു ജയേഷ്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ മനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് ഇടിച്ചു. ഇരുക്കൂട്ടരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമായി. ഇതിനിടെ ബൈക്കിന് പിന്നിലിരുന്ന മനീഷ് രണ്ടു സുഹൃത്തുക്കളെ കൂടി വിളിച്ചുവരുത്തി ജയേഷിനെയും രഞ്ജിനിയെയും മര്‍ദിച്ചു.

സ്ഥലത്തെത്തിയ പൊലീസ് മനീഷിനെയും സുഹൃത്തുക്കളെയും പിടികൂടി. പൊലീസ് പിടിച്ചവരെ മോചിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com