മഴ ശക്തം; ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.30 അടിയിലെത്തി; ജാഗ്രതാ നിര്‍ദേശം

ഡാം തുറക്കുന്നതിന്റെ ഭാഗമായി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്
മഴ ശക്തം; ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.30 അടിയിലെത്തി; ജാഗ്രതാ നിര്‍ദേശം

കൊച്ചി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇപ്പോള്‍ ജലനിരപ്പില്‍ 2395. 30 അടിയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഡാം തുറക്കുന്നതിന്റെ ഭാഗമായി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഡാമിന് താഴെയുള്ളവര്‍ക്കും നദീതീരങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

അതേസമയം മഴ ശക്തമായത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അധികൃതര്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ദുരിതാശ്വാസ ക്യാമ്പുകളും സേനാവിഭാഗങ്ങളേയും സജ്ജമാക്കിയിരിക്കുകയാണ്. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.  ഇനിയും ജലനിരപ്പുയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും, തുടര്‍ന്ന് 2399 അടിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വീണ്ടും ജലനിരപ്പുയര്‍ന്നാല്‍ മാത്രം മുന്നറിയിപ്പോടെ ഷട്ടര്‍ തുറക്കൂ. കൃത്യമായ മുന്നറിയിപ്പ് നല്‍കിയ  ശേഷം മാത്രമേ ഡാം തുറക്കു. എന്നാല്‍ അപകട സാധ്യത ഒഴിവാക്കാന്‍  പെരിയാറിന്റെ തീരത്തുള്ളവര്‍  മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍  പാലിക്കണം. അണക്കെട്ട് തുറന്നാല്‍ 200ഓളം കെട്ടിടങ്ങളെ വെള്ളപ്പൊക്കം ബാധിച്ചേക്കും. ഇതില്‍ 40 കുടുംബങ്ങളെ ആദ്യ ഘട്ടത്തില്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കും. നാല്ക്യാമ്പുകളായിരിക്കും തുറക്കുന്നത്. 

ജലനിരപ്പിന്റെ തോതിനനുസരിച്ചു ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെ ക്യാമ്പിലേക്ക് മാറ്റും. മറ്റു ജില്ലകളില്‍ നിന്നുവരുന്ന സഞ്ചാരികള്‍ക്കും, സെല്‍ഫിക്ക്, മീന്‍ പിടുത്തതിനും നിരോധനം ഏര്‍പ്പെടുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com