കടന്നപ്പള്ളിയുടെ മാസവരുമാനം 1000 രൂപ മാത്രം കൂട്ടത്തില്‍ കോടീശ്വരന്‍ എ.കെ. ബാലന്‍; മന്ത്രിമാരുടെ ആസ്തിവിവരം പുറത്ത്

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാസവരുമാനമാണ് ഉദ്യോഗസ്ഥരെ പോലും കുഴക്കുന്നത്. മാസം 1000 രൂപയാണ് തന്റെ വരുമാനം എന്നാണ് അദ്ദേഹം പറയുന്നത്
കടന്നപ്പള്ളിയുടെ മാസവരുമാനം 1000 രൂപ മാത്രം കൂട്ടത്തില്‍ കോടീശ്വരന്‍ എ.കെ. ബാലന്‍; മന്ത്രിമാരുടെ ആസ്തിവിവരം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു. വാഹനമില്ലാത്ത മുഖ്യമന്ത്രി, സ്വര്‍ണവും ഭൂമിയുമില്ലാത്ത ധനമന്ത്രി, ആയിരം രൂപ മാത്രം മാസവരുമാനമുള്ള തുറമുഖവകുപ്പ് മന്ത്രി... ഇടതു സര്‍ക്കാരിന്റെ ആസ്തി വിവരക്കണക്കുകള്‍ നീങ്ങുന്നത് ഇങ്ങനെയാണ്. കോടിപതിയായ ഒരു മന്ത്രി മാത്രമാണ് ഇപ്പോഴത്തെ മന്ത്രിസഭയിലുള്ളതെന്നാണ് പുറത്തുവിട്ടിരിക്കുന്ന കണക്കുകളില്‍ തെളിയിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന് 79,364 രൂപയാണ് മാസ വരുമാനം. 2.20 ലക്ഷത്തിന്റെ സ്വര്‍ണവും 22.77 ലക്ഷം ബാങ്ക് നിക്ഷേപവുമാണ് അദ്ദേഹത്തിനുള്ളത്. കൂടാതെ 95.5 സെന്റിന്റെ ഭൂമിയും കൈവശമുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന് 55,012 രൂപമാണ് മാസ വരുമാനം. 1.40 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് ഒഴിച്ചാല്‍ സ്വര്‍ണമായോ ഭൂമിയായോ ഒന്നുമില്ല. കൂടാതെ ടി.പി. രാമകൃഷ്ണന്റേയും കെടി ജലീലിന്റേയും കൈയിലും ഒരു തരി സ്വര്‍ണമില്ല. 

പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായ എ.കെ. ബാലനാണ് കൂട്ടത്തില്‍ സമ്പന്നന്‍. ആരോഗ്യ ഡയറക്റ്ററായി വിരമിച്ച ഭാര്യയുടെ പേരിലെ നിക്ഷേപമാണ് അദ്ദേഹത്തെ കോടിപതിയാക്കിയത്. വിരമിച്ച ശേഷം ആര്‍ദ്രം മിഷന്‍ സണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയാണ് ബാലന്റെ ഭാര്യ ഡോ.പി.കെ ജമീല. ഭാര്യയ്ക്ക് 90,000 രൂപ ശമ്പളവും പെന്‍ഷന്‍ തുകയായി 52,000 രൂപയും ലഭിക്കുന്നതിനാല്‍ മാസവരുമാനത്തിലും ബാലനാണ് മുന്നില്‍. 2.17 ലക്ഷമാണ് അദ്ദേഹത്തിന്റെ മാസവരുമാനം. സ്വര്‍ണത്തിലും മുന്നില്‍ ബാലന്‍ തന്നെയാണ്. 11 ലക്ഷത്തിന്റെ സ്വര്‍ണമാണ് അദ്ദേഹത്തിനുള്ളത്. 

എന്നാല്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാസവരുമാനമാണ് ഉദ്യോഗസ്ഥരെ പോലും കുഴക്കുന്നത്. മാസം 1000 രൂപയാണ് തന്റെ വരുമാനം എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇത്ര കുറഞ്ഞ മാസവരുമാനം എന്തുകൊണ്ടാണ് എഴുതിയതെന്ന് ഉദ്യോഗസ്ഥര്‍ക്കും വിശദീകരിക്കാനാവുന്നില്ല. 99,000 രൂപയുടെ സ്വര്‍ണവും 63,822 രൂപ നിക്ഷേപവുമാണ് അദ്ദേഹത്തിനുള്ളത്. ഭൂരിഭാഗം മന്ത്രിമാരും 55,012 രൂപയാണ് ശമ്പളമായി വാങ്ങുന്നത്. എ.കെ. ശശീന്ദ്രനും സമ്പത്തില്‍ കുറച്ച് മുന്‍പിലാണ്. 7.10 ലക്ഷം രൂപയുടെ സ്വര്‍ണവും 71.16 ലക്ഷം രൂപയുടെ നിഷേപവുമാണ് അദ്ദേഹത്തിനുള്ളത്. 2.80 ഏക്കര്‍ സ്ഥലവും അദ്ദേഹത്തിന്റെ പേരിലുണ്ട്. 

മാത്യു ടി. തോമസ്, കെ. രാജു എന്നിവര്‍ക്ക് സ്വന്തമായി മൂന്ന് വണ്ടിയുള്ളപ്പോള്‍ മുഖ്യമന്ത്രി, സുധാകരന്‍, എം.എം മണി, ടി.പി. രാമകൃഷ്ണന്‍, പി. തിലോത്തമന്‍ എന്നിവര്‍ക്ക് ഒരു വാഹനം പോലുമില്ല. മറ്റുള്ളവര്‍ക്ക് ഓരോ വണ്ടിവീതമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com