സംഘപരിവാര്‍ ഭീഷണി ഏശിയില്ല; 'മീശ' ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് പിന്‍വലിച്ച എസ്.ഹരീഷിന്റെ 'മീശ' നോവല്‍ ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു
സംഘപരിവാര്‍ ഭീഷണി ഏശിയില്ല; 'മീശ' ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

കൊച്ചി: സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് പിന്‍വലിച്ച എസ്.ഹരീഷിന്റെ 'മീശ' നോവല്‍ ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു. സ്ഥാപനത്തിന്റെ പ്രസിദ്ധീകരണ വിഭാഗം ഇക്കാര്യം വ്യക്തമാക്കി. എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡിസി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തുവെന്ന് ഡിസി ബുക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 

എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ-ഡിസി ബുക്ക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 

ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന നോവലിന്റെ ഒരു അധ്യായത്തില്‍ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന ഭാഗമുണ്ട് എന്നാരോപിച്ചായിരുന്നു ഹരീഷിനും മാതൃഭൂമിക്കും എതിരെ സംഘപരിവാര്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. നാളെയാണ് പുസ്തകം വിപണിയിലിറങ്ങുക. പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് പുസ്തകത്തിന്റെ കവര്‍ തയ്യാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com