ഹനാന്‍ സംഭവത്തില്‍ കണ്ണുതുറന്ന് കേരള പൊലീസ്; സൈബര്‍ ഗുണ്ടകളെ നേരിടാന്‍ പ്രത്യേക സെല്‍ ആരംഭിക്കുന്നു

സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കാണ് ഇതിന്റെ ചുമതല
ഹനാന്‍ സംഭവത്തില്‍ കണ്ണുതുറന്ന് കേരള പൊലീസ്; സൈബര്‍ ഗുണ്ടകളെ നേരിടാന്‍ പ്രത്യേക സെല്‍ ആരംഭിക്കുന്നു

തിരുവനന്തപുരം; സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ പ്രത്യേക സെല്ലുമായി കേരള പൊലീസ്. സൈബര്‍ ലോകത്തു നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പരാതി സ്വീകരിക്കാന്‍ മാത്രമായി നോഡല്‍ സൈബര്‍ സെല്‍ രൂപവല്‍ക്കരിക്കാനാണ് തീരുമാനം. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കാണ് ഇതിന്റെ ചുമതല. 

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള സൈബര്‍ പൊലീസ് സ്റ്റേഷനാണ് നോഡല്‍ സൈബര്‍ സെല്ലായി മാറുകയെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ നോഡല്‍ സൈബര്‍ സെല്ലുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഹനാന്‍ സംഭവമാണ് പെട്ടെന്നുള്ള നടപടിയിലേക്ക് നയിച്ചതെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംനല്‍കിയിട്ടുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയായിരിക്കും നോഡല്‍ സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുക.

ഓരോ സംസ്ഥാനത്തെയും സൈബര്‍ പരാതികള്‍ സംബന്ധിച്ചും ആ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ ഈ പോര്‍ട്ടലില്‍ ഉണ്ടാകും. കേന്ദ്രീകൃത ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതികള്‍, അന്വേഷിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൈമാറാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ പരാതികള്‍ നോഡല്‍ സൈബര്‍ സെല്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറും.

നോഡല്‍ സൈബര്‍ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ കാണാനും കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമാത്രമേ അനുവാദമുണ്ടാകൂ. 155260 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലൂടെ നോഡല്‍ സൈബര്‍ സെല്ലിന് പരാതികള്‍ കൈമാറാം. ഫോണിലൂടെ പരാതി സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാര്‍ക്ക് ആവശ്യമായ സാങ്കേതികസഹായം നല്‍കുകയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. സെല്ലില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉടനെ സാങ്കേതികപരിശീലനം നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com