ജാതിക്കെതിരായ സമരം ഉദ്ഘാടനം ചെയ്യാന്‍ മിനിമം ഒരു മേനോന്‍ എങ്കിലും വേണം; മേനോന്‍ കാരണം പുലിവാല് പിടിച്ച് എസ്എഫ്‌ഐ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2018 03:22 PM |
Last Updated: 01st June 2018 03:22 PM | A+A A- |

പ്രണയിച്ച് വിവാഹം കഴിച്ചതിന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകത്തിന് എതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. പ്രതിഷേധ പരിപാടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തൃശൂര്‍ ജില്ല കമ്മിറ്റിയുടെ പോസ്റ്റിന് താഴെയാണ് പൊങ്കാലയിടല്‍ നടക്കുന്നത്.
എസ്എഫ്‌ഐ നാട്ടിക ഏരിയ തല പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:വിവേക് മേനോന്‍ ഉദ്ഘാടനം ചെയ്യുന്നുവെന്ന ക്യാപ്ഷനാണ് എസ്എഫ്‌ഐയ്ക്ക് പാരയായത്. ജാതീയതകക്ക് എതിരെ പോരാടുന്നവര്‍തന്നെ ജാതിവാലുമായി സംഘടനയില്‍ തുടകുകയും ജാതി വിരുദ്ധ പരിപാടി ഉദ്ഘാടനം ചെയ്യുന്നതുമാണ് വിമര്‍ശിക്കപ്പെടുന്നത്.
ട്രോളുകള്‍ ശക്തമായതിന് പിന്നാലെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്തു തലയൂരാന്‍ നോക്കിയെങ്കിലും സ്‌ക്രീന്‍ ഷോട്ടുകളുമായി ആളുകള്‍ രംഗത്തെത്തി. സര്‍ക്കാരും സംഘടനയും നമുക്ക് ജാതിയില്ല ക്യാമ്പയിന്‍ സജീവമായി മുന്നോട്ടുകൊണ്ടുപോകുമ്പോഴും സംഘടനയ്ക്കുള്ളില്‍ ഇപ്പോഴും സവര്‍ണ ബോധം വിടാതെ കൂടെയുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.