ചേലാകര്‍മ്മത്തിന് പിന്നാലെ രക്തസ്രാവം: 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ചേലാകര്‍മ്മത്തിന് പിന്നാലെ രക്തസ്രാവം: 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ചേലാകര്‍മ്മത്തിന് വിധേയനായ 29 ദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു.

തൃപ്രയാര്‍:ചേലാകര്‍മ്മത്തിന് വിധേയനായ 29 ദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. തളിക്കുളം അയിനിച്ചോട് പുഴങ്കരയില്ലത്ത് യൂസഫ്- നസീല ദമ്പതിമാരുടെ കുഞ്ഞാണ് ഞായറാഴ്ച മരിച്ചത്. രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ നിന്നുളള റിപ്പോര്‍ട്ട് പറയുന്നു. നാട്ടിക പന്ത്രണ്ടാംകല്ലിലെ സ്വകാര്യ ഡോക്ടറാണ് ചേലാകര്‍മ്മം നടത്തിയത്. കുഞ്ഞ് ജനിച്ച് 28 ദിവസമായ മേയ് 26നാണ് ഡോക്ടറുടെ വീടിനോടു ചേര്‍ന്നുളള പരിശോധനാമുറിയില്‍ ചേലാകര്‍മ്മം നടത്തിയത്. രക്തം നിലയ്ക്കാതായപ്പോള്‍ ഡോക്ടര്‍ മുറിവ് പരിശോധിച്ച് വീണ്ടും വെച്ചുകെട്ടി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. 

വീട്ടിലെത്തിയിട്ടും രക്തം നിലച്ചില്ല. ഡോക്ടറെ വിളിച്ചപ്പോള്‍ കൂടുതല്‍ രക്തം വരുന്നുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞു. രാത്രി പന്ത്രണ്ടുമണിക്ക് വിളിച്ചപ്പോള്‍ ഡോക്ടര്‍ ഫോണെടുത്തില്ലെന്നും 27ന് രാവിലെ ഏഴിന് ഡോക്ടറുടെ വീട്ടിലെത്തിയെങ്കിലും 8.30നാണ് ഡോക്ടറെത്തി പരിശോധനാമുറി തുറന്നതെന്നും ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിനെ സര്‍ജനെ കാണിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് എങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. അവിടെയും സര്‍ജന്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ഇവിടെ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും ഹൃദയമിടിപ്പ് ഏഴുശതമാനമേ ഉണ്ടായിരുന്നുളളുവെന്നും മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടിലുണ്ട്. രക്തമില്ലാത്തതിനാല്‍ കുടലുകളും തകരാറിലായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ചാവക്കാട് താലൂക്ക് കമ്മിറ്റി ഡി എം ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം അധികാരികള്‍ക്ക് പരാതി നല്‍കാനുളള ഒരുക്കത്തിലാണ് ബന്ധുക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com