മധ്യവേനലവധി കഴിഞ്ഞു കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക് 

രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് സ്‌കൂള്‍ തുറക്കും.
മധ്യവേനലവധി കഴിഞ്ഞു കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക് 

തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് സ്‌കൂള്‍ തുറക്കും. വേനലവധിക്കുശേഷം പുതിയ സ്‌കൂള്‍വര്‍ഷം തിങ്കളാഴ്ച ആരംഭിക്കുന്ന സ്ഥിരം രീതിക്ക് മാറ്റം വരുത്തികൊണ്ട് ഇക്കുറി ആഴ്ചയിലെ അവസാനദിനമാണെങ്കിലും വെള്ളിയാഴ്ച തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. നിപ്പാ വൈറസ് ബാധ മൂലം കോഴിക്കോട്, മലപ്പുറം ജില്ലകളിലും തലശേരി വിദ്യാഭ്യസ ജില്ലയിലും ഇന്ന് സ്‌കൂളുകള്‍ തുറക്കുന്നില്ല. കോഴിക്കോടും തലശേരിയിലും ജൂണ്‍ 5നും മലപ്പുറത്ത് ജൂണ്‍ 6നുമാണ് സ്‌കൂളുകള്‍ ആരംഭിക്കുക. 

പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവ പരിപാടിയകള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട് ഗവ. എല്‍പി സ്‌കൂളിലും ഗവ.ഗേള്‍സ് ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 

പൊതു വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറിയും വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം 3,16,023വിദ്യാര്‍ത്ഥികളാണ് പുതുതായി ഒന്നാം ക്ലാസിലേക്കെത്തിയത്. മുന്‍വര്‍ഷത്തെക്കാള്‍ പതിനയ്യായിരത്തോളം കുട്ടികളാണ് കഴിഞ്ഞ വര്‍ഷം കൂടിയത്. ഇക്കുറി കുട്ടികളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമാനം. സ്മാര്‍ട്ട് ക്ലാസ് അടക്കമുള്ള സൗകര്യങ്ങളും അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന വാര്‍ത്തകളും കൂടുതല്‍ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കെത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷത്തേതുപൊലെ ഇക്കുറിയും ഹരിതപ്രവേശനോത്സവമാണ് കൊച്ചിയിലെ സ്‌കൂളുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കികൊണ്ടുള്ള പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 2018-2019 അധ്യയനവര്‍ഷം 200 പ്രവര്‍ത്തിദിനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്്. ജൂണ്‍ ഏഴിന് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണമെടുക്കല്‍ നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com