നിപ്പാ വസൂരിയോ എബോളയോ പോലുളള ദുരന്തമാകില്ല: മണിപ്പാല്‍ വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ ജി അരുണ്‍കുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 02nd June 2018 09:31 AM  |  

Last Updated: 02nd June 2018 10:04 AM  |   A+A-   |  

 

കോഴിക്കോട്: നിപ്പാ ബാധ ഒരു കാരണവശാലും വസൂരിയോ എബോളയോ മീസില്‍സോ പോലെയുളള ദുരന്തമാകില്ലെന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ ജി അരുണ്‍കുമാര്‍. ആദ്യം രോഗം ബാധിച്ചയാളില്‍ നിന്നു പകര്‍ന്നുകിട്ടിയവരും അവരുമായി ആശുപത്രികളിലും മറ്റുമായി വിവിധ രീതികളില്‍ ബന്ധപ്പെട്ടവരും തന്നെയാണ് ഇപ്പോഴും രോഗബാധിതരാകുന്നത്. ഈ പട്ടികയ്ക്ക് വെളിയില്‍ ഒരു സ്ഥലത്തും പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരീക്ഷണത്തിലുളളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക എന്നതുതന്നെയാണ് പ്രധാനമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇവരില്‍ നിന്നു മറ്റുളളവരിലേക്ക് പകരാനുളള സാധ്യതയും കൂടുതലാണ്. വൈറസ് ബാധിച്ചവരുടെ ഒരു മീറ്ററെങ്കിലും അടുത്ത് ഇടപഴകുന്നവര്‍ക്കാണ് രോഗസാധ്യത. ഇതു പ്രധാനമായും ഡ്രോപ് ലെറ്റ് ട്രാന്‍സ്്മിഷനാണ്. തുമ്മല്‍, ചുമ തുടങ്ങിയവയില്‍ നിന്നാണ് പ്രധാനമായും പകരുന്നത്. രോഗം ഇപ്പോഴും നിയന്ത്ര്ണവിധേയമാണ്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ച അതേമാതൃകയില്‍ തന്നെയാണ് രോഗബാധ. അതിനാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ തന്നെ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കുകയാണ് വേണ്ടത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്.  നിപ്പാ വൈറസിനോട് ഏറെ സാമ്യമുളള ഹെന്‍ഡ്ര വൈറസിനെതിരെ ഓസ്‌ട്രേലിയയില്‍ പ്രയോഗിച്ച മരുന്നാണ് കോഴിക്കോട്ടേക്കെത്തിക്കുന്നത്. മരുന്ന് ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ അരുണ്‍കുമാര്‍ പറഞ്ഞു.
 

TAGS
NIPA