നിപ്പാ വൈറസ്: രോഗലക്ഷണമുള്ള ഒരു സ്ത്രീ കൂടി മരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd June 2018 08:15 AM |
Last Updated: 02nd June 2018 08:15 AM | A+A A- |

കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള ഒരു രോഗി കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ്പാ രോഗലക്ഷണങ്ങളോടുകൂടി മരിച്ചവരുടെ എണ്ണം പതിനെട്ടായി.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍ പരിശോധനയില്‍ നിപ്പ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ രോഗം മൂര്‍ച്ഛിച്ച് റോജ മരണപ്പെടുകയായിരുന്നു.
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ 17 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. നിപ്പ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 17 പേര്‍ സൂക്ഷ്മ നീരീക്ഷണത്തിലാണ്. കൂടാതെ വേറെ 1945 ആളുകളും നിരീക്ഷണത്തിലാണ്. അതേസമയം നിപ്പ ബാധ സംശയിച്ച് വെള്ളിയാഴ്ച ആറ് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.