സ്‌കൂളിലെ ഡെസ്‌കിന് അടിയില്‍ പാമ്പ് ;  പ്രവേശനോത്സവത്തിനിടെ പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 02nd June 2018 09:17 AM  |  

Last Updated: 02nd June 2018 09:18 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കോന്നി: പ്രവേശനോത്സവത്തിനിടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു. കോന്നി പ്രമാടം നേതാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി വാഴമുട്ടം ഈസ്റ്റ് പുതുപ്പറമ്പില്‍ വടക്കേതില്‍ ബിജു- ബിന്‍സി ദമ്പതികളുടെ മകന്‍ ബിജിലി(13) നാണ് കടിയേറ്റത്. ഡെസ്‌കിന്റെ അടിയിലുണ്ടായിരുന്ന വാരിമൂര്‍ഖന്‍ ഇനത്തില്‍പ്പെട്ട ചെറിയ പാമ്പാണ് ബിജിലിനെ കടിച്ചത്. ഭയന്നുപോയ ബിജില്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ച വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂളില്‍ എത്തിയതാണ് ബിജില്‍. പ്രവേശനോത്സവത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കുട്ടികളെ ക്ലാസ് മുറികളില്‍ ഇരുത്തി. തുടര്‍ന്ന് ബിജിലിനെയും സഹപാഠികളെയും എട്ടാം ക്ലാസില്‍ നിന്നും ഒന്‍പതാം ക്ലാസിലേക്ക് മാറ്റിയിരുത്തി. ഇവിടെവെച്ചാണ് സംഭവം. ഡെസ്‌കിന്റെ അടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ ബിജിലിനെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 

TAGS
snake