'മരണഭയം, അത് എല്ലാവര്‍ക്കും ഒരേ പോലെ ആയിരിക്കണം'; വായിക്കണം ഈ കുറിപ്പ്

'കൊല്ലാന്‍ ശക്തിയുള്ള സൂക്ഷ്മജീവി ഇതില്‍ ഉണ്ടെന്നറിഞ്ഞിട്ടും രോഗിയുടെ വിസര്‍ജജ്യങ്ങള്‍ തുടച്ചു വൃത്തിയാക്കുന്ന ചേച്ചിമാര്‍, വൈറസ് പെറ്റുപെരുകിയ രക്തം കൈകാര്യം ചെയ്യുന്ന ടെക്‌നീഷ്യന്‍മാര്‍'
'മരണഭയം, അത് എല്ലാവര്‍ക്കും ഒരേ പോലെ ആയിരിക്കണം'; വായിക്കണം ഈ കുറിപ്പ്

നിപ്പ വൈറസ് പേടിയിലാണ് സംസ്ഥാനം. കൂടുതല്‍ ആളുകളിലേക്ക് വൈറസ് പകരാതിരിക്കാനന്‍ സര്‍ക്കാരും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും കഠിന ശ്രമത്തിലാണ്. നിപ്പ വൈറസ് പടര്‍ന്നു പിടിച്ചതോടെ സ്വന്തം ജീവന് പോലും വിലകല്‍പ്പിക്കാതെ നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവരെ നമ്മള്‍ അംഗീകരിക്കുക തന്ന വേണം. എന്നാല്‍ രാപകലില്ലാതെ കഷ്ടപ്പെട്ടിട്ടും നിരവധി വിമര്‍ശനങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഡോക്റ്റര്‍മാരും മറ്റ് ജീവനക്കാരും നേരിടുന്നത്. 

എല്ലാ പ്രചരണങ്ങള്‍ക്കും മറുപടിയായി തങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്റ്ററായ ഷമീര്‍ വി.കെ ഇട്ട പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വൈറസ് ബാധയെക്കുറിച്ച് റിപ്പോര്‍ട്ട് വന്നതുമുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ജീവനക്കാരുടെ ജീവിതത്തിലുണ്ടായ മാറ്റമാണ് ഷമീര്‍ ഇതില്‍ പറയുന്നത്. അവിടെ ജോലിചെയ്യുന്ന ഓരോരുത്തരേയും കുറിച്ച് അദ്ദേഹം കുറിച്ചിട്ടുണ്ട്. മരണഭയം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഷമീര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ഡോ. ഷമീറിന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെവിന്റെ കാര്യം കഷ്ടമായി പോയി എന്ന് കേട്ടപ്പോള്‍ കെവിന്‍ പിസിആര്‍ പോസിറ്റീവ് ആയിരുന്നോ എന്നായിരുന്നു ആദ്യ ചോദ്യം. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് നടന്നത് അറിഞ്ഞില്ല. ഇന്നലെ ഷാഫി റിസല്‍ട്ട് പറയുമ്പോള്‍ ഓ ഇലക്ഷന്‍ കഴിഞ്ഞോ എന്നായിരുന്നു പ്രതികരണം. ഇന്ന് മൊത്തം സിസ്റ്റത്തില്‍ വൈറസ് മാത്രമാണ്. ഷിജി മാഡം പറഞ്ഞ പോലെ കണ്ണടച്ചാലും കണ്ണുതുറന്നാലും. മക്കളെ വീട്ടില്‍ നിന്ന് മാറ്റിയിട്ട് ഒരാഴ്ച കഴിഞ്ഞു. അവര്‍ അച്ഛനമ്മമാരെ പിരിഞ്ഞിരിക്കുന്നത് ജീവിതത്തില്‍ ആദ്യമാണ്, വിളിച്ചു പോലും നോക്കിയിട്ടില്ല. ചുരുങ്ങിയത് 89 മണിക്കൂറെങ്കിലും ആശുപത്രിയിലാണ്, ബാക്കി സമയം ഫോണിലും. വാട്ട്‌സ് ആപ്പിലും ഫേസ് ബുക്കിലും ആസ്വദിക്കുകയല്ല, മരിച്ചവരുടെ സോഴ്‌സ്, കോണ്ടാക്ട് തിരച്ചിലാണ്, പുതിയ മരുന്നുകളുടെ ലിറ്ററേച്ചര്‍ പഠിക്കുകയാണ്, ലോകത്തുള്ള സകല മൈക്രോബയോളജിസ്റ്റുകളോടും സംശയം ചോദിക്കുകയാണ്. ഇന്ന് ഉറങ്ങുമ്പോഴെങ്കിലും ഫോണ്‍ സൈലന്റ് ആക്കി വെച്ചൂടെ എന്ന് ഭാര്യ ചോദിക്കുമ്പോള്‍ ഐസൊലേഷനില്‍ എന്തെങ്കിലും കണ്‍ഫ്യൂഷന്‍ വന്നാല്‍ വിളി വരുമെന്ന് മറുപടി, പറഞ്ഞു തീരും മുമ്പ് ലേബര്‍ റൂമില്‍ പനിയുള്ള ആളെ പരിശോധിച്ച് ആസിഫിന്റെ വിളിയും. 
ഇത് മെഡിക്കല്‍ കോളേജിലെ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ കഥയല്ല. ഒരുപാടു പേരുടെ ഇപ്പോഴത്തെ ജീവിതചര്യയാണ്.

ഇതൊക്കെ എഴുതി അറിയിക്കുന്നത് ചീപ്പാണ്. അത് ഞങ്ങളുടെ ജോലി നിര്‍വഹിക്കല്‍ മാത്രമാണ്. എന്നാലും മെഡിക്കല്‍ കോളേജിനെ കുറിച്ച് ഒരു കുറ്റം കേട്ടാല്‍ അതില്‍ പിന്നെ മറ്റൊന്നാലോചിക്കാതെ ഫോര്‍വേഡ് ചെയ്യുന്നവരേയും നാട്ടുകാരെ മുഴുവന്‍ ഉത്ഭോതിപ്പിക്കാന്‍ ശ്രമിക്കുന്ന മാതൃഭൂമിയേയും കണ്ടപ്പോള്‍ അറിയാതെ എഴുതി പോകുന്നതാണ്, ക്ഷമിക്കുക.

നിപ്പ വന്ന ശേഷം തുളസീധരന്‍ സര്‍ എപ്പൊഴെങ്കിലും വിശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. രാവിലെ മുതല്‍ ഓടുകയാണ്. സ്ഥലം കണ്ടെത്താന്‍, സാധനങ്ങള്‍ കിട്ടാന്‍, പ്രോട്ടോകോള്‍ ഉണ്ടാക്കാന്‍, അങ്ങനെ അങ്ങനെ... മിക്കവാറും എല്ലാ ദിവസവും രോഗികള്‍ കിടക്കുന്ന ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും പോകുന്നുണ്ട്. ശരിയായ രീതിയില്‍ സംരക്ഷണ വസ്ത്രങ്ങള്‍ ധരിക്കാതെ ഐസൊലേഷന്‍ വാര്‍ഡില്‍ കയറിയതിന് WHO അംഗങ്ങളില്‍ നിന്ന് നേരിട്ട് വഴക്കും വാങ്ങിക്കേണ്ടി വന്നു HODക്ക്!
ഐസൊലേറ്റ് ചെയ്യാനും കോണ്ടാക്ട് ഒഴിവാക്കാനും ഉപദേശിക്കാന്‍ എളുപ്പമാണ്. അതിന് വേണ്ടി തിരഞ്ഞെടുത്ത ആശുപത്രിയാണ് കോമഡി! മറ്റൊരാളുടെ മേല്‍ ഉരയാതെ നടക്കാന്‍ പോലും സാധിക്കാത്ത സ്ഥലസൗകര്യമുള്ള സംവിധാനം. അവിടെ രണ്ടു ദിവസം കൊണ്ട് ഐസൊലേഷന്‍ കൊണ്ടുവരണമെന്നതാണ് ആവശ്യം. പേ വാര്‍ഡിനെ ഇതിനായി ഉപയോഗിക്കാന്‍ തത്വത്തില്‍ അംഗീകരിച്ചപ്പോള്‍ പനിയെ പേടിച്ച് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത സ്ഥിതി. സ്വന്തം സൗഹൃദങ്ങള്‍ ഉപയോഗിച്ച് ജോലിക്ക് ആളെ കൊണ്ടുവന്ന് രാവും പകലും നിന്ന നില്‍പില്‍ ജോലി ചെയ്യിച്ച് ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയത് ജയേഷ് സര്‍. കയ്യും മെയ്യും മറന്ന് കൂടെ നിന്നത് കുര്യാകോസ് സര്‍. 
രണ്ടാഴ്ചയായി കാലില്‍ മുള്ളു കൊണ്ട പോലെ ഓടുന്ന നോഡല്‍ ഓഫീസര്‍ ചാന്ദ്‌നി മാഡം, സൂപ്രണ്ട് സജിത് സര്‍, ഞങഛ ശ്രീജിത് സര്‍, പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍ സര്‍... രോഗീ ചികില്‍സക്ക് വേണ്ട അടിയന്തിര സാധനങ്ങള്‍, സ്ഥലം, സ്റ്റാഫ്, ചികിത്സാ പ്ലാന്‍, ബോഡി കൈകാര്യം ചെയ്യല്‍, ഉന്നതതല മീറ്റിംഗുകള്‍..... ഇതൊക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ശൂന്യതയില്‍ നിന്ന് കെട്ടിപ്പൊക്കുന്നതാണെന്ന് ആലോചിക്കണം. ഇതിന് വേണ്ടി മാറ്റി വെച്ചതായ ഒരു കട്ടിലോ ഒരു ഓക്‌സിജന്‍ സിലിണ്ടറോ ഇവിടെ ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം.
ആദ്യത്തെ രണ്ടാഴ്ച പല പല വാര്‍ഡുകളിലായി ചിതറി തെറിച്ച് കിടന്ന രോഗികളെ കണ്ട് ചികിത്സ എകോപിപ്പിക്കാന്‍ വിശ്രമമില്ലാതെ ജോലി ചെയ്ത ജുനൈസ്, ഷീലാ മാഡം.
ജോലികള്‍ സ്വമേധയാ ഏറ്റെടുത്ത് ഒരു റെസിഡന്റിനേക്കാള്‍ സമയം രോഗികളുടെ ഇടയില്‍ പോയി നിന്ന് സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിചരിക്കുന്ന അനൂപ്. രോഗികളുടെയും കോണ്ടാക്ട്‌സിന്റെയും മുഴുവന്‍ മാപ്പുണ്ടാക്കി ഈ എപ്പിഡമിക്കിന്റെ കാണാപ്പുറങ്ങള്‍ തിരഞ്ഞിറങ്ങിയ, ദിവസം മണിക്കൂറുകളോളം ഇന്‍ഫക്ഷന്‍ സുരക്ഷാ രീതികളെ കുറിച്ച് സ്റ്റാഫിന് ക്ലാസ് എടുക്കുന്ന ശ്രീജിത്. HOD യുടെ വലം കയ്യായി നിന്ന് തന്റെ ഒടുങ്ങാത്ത എനര്‍ജി മുഴുവന്‍ പനി രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ഷാജിത് സര്‍. രോഗീപരിചരണം തങ്ങളുടെ ജീവിതമായി കാണുന്ന ഗീതാ മാഡം, ജയചന്ദ്രന്‍ സര്‍, കമലാസനന്‍ സര്‍. ആത്മാര്‍ഥത മൂന്ന് നേരം ഭക്ഷണമാക്കിയ ഗായത്രി, ഫാവിപിറാവിറിനു വേണ്ടി കച്ചകെട്ടിയിറങ്ങിയ ഷിജി മാഡം. പി ജി കുട്ടികളുടെ സന്തോഷത്തിലും ദുഖത്തിലും അവരോടൊപ്പം നില്‍ക്കുന്ന അവരുടെ അക്വില്‍ക്ക, മെഡിക്കല്‍ കോളേജിന്റെ ദാരിദ്ര്യം മനസ്സിലാക്കി കാല്‍ഫിം ഫണ്ട് കൊണ്ട് മാസ്‌കും സുരക്ഷാ സംവിധാനങ്ങളും വാങ്ങി തന്ന റോജിത്, പിന്നെ ബെന്നി, വിനീത്, ഹിതമാഡം, രാജേഷ് തുടങ്ങി പേരും അവര്‍ ചെയ്യുന്ന സേവനങ്ങളും എടുത്തു പറയാത്ത ഇനിയും നിരവധി പേര്‍....

പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ 24 മണിക്കൂറും രോഗികളുടെ കൂടെ സഹവസിക്കുന്ന ജൂനിയര്‍ റെസിഡന്റുമാര്‍, ഹൗസ് സര്‍ജന്‍മാര്‍...

മരണത്തിന്റെ വക്കില്‍ നിന്നും ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന് ചരിത്രമായി മാറിയ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്...

ഒരു കൈത്താങ്ങുമായി ഞങ്ങളോടൊപ്പം കൂടിയ ENT റെസിഡന്റ്‌സ്...

ഒരു മാലാഖ സ്വര്‍ഗത്തിലേക്ക് തിരിച്ചു പോയതറിഞ്ഞും തളരാതെ ഭൂമിയില്‍ പോരാട്ടം തുടരുന്ന മാലാഖമാര്‍, അവരുടെ അസിസ്റ്റന്റ്മാര്‍.
തങ്ങളെ കൊല്ലാന്‍ ശക്തിയുള്ള സൂക്ഷ്മജീവി ഇതില്‍ ഉണ്ടെന്നറിഞ്ഞിട്ടും രോഗിയുടെ വിസര്‍ജജ്യങ്ങള്‍ തുടച്ചു വൃത്തിയാക്കുന്ന ചേച്ചിമാര്‍, വൈറസ് പെറ്റുപെരുകിയ രക്തം കൈകാര്യം ചെയ്യുന്ന ടെക്‌നീഷ്യന്‍മാര്‍..... 
എല്ലാവരും അവരുടെ ജോലി ചെയ്യുന്നു, അത്ര മാത്രം.

ഇവിടെ ദുഷ്ടത മാത്രം കാണുന്ന കണ്ണുകളുണ്ട്. ഇവര്‍ ചെയ്യുന്ന നന്മകള്‍ അവര്‍ കാണില്ല. ഇവരുടെ ജീവിതം വാട്‌സ് ആപ്പിലല്ല. യഥാര്‍ത്ഥ രോഗിയോടൊപ്പമാണ്.

പക്ഷേ മരണഭയം, അത് എല്ലാവര്‍ക്കും ഒരേ പോലെ ആയിരിക്കണം....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com