മൃതദേഹത്തിന് പ്രായക്കൂടുതലെന്ന് നിഗമനം;തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സൂചന

ചെന്നൈക്ക് സമീപം കാഞ്ചീപുരത്തെ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍  കണ്ടെത്തിയ യുവതിയുടെ മൃതദേഹം കാണാതായ ജസ്‌നയുടേതല്ലെന്ന് സൂചന
മൃതദേഹത്തിന് പ്രായക്കൂടുതലെന്ന് നിഗമനം;തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സൂചന

ചെന്നൈ: ചെന്നൈക്ക് സമീപം കാഞ്ചീപുരത്തെ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍  കണ്ടെത്തിയ യുവതിയുടെ മൃതദേഹം കാണാതായ ജസ്‌നയുടേതല്ലെന്ന് സൂചന. മൃതദേഹത്തിന് ജസ്‌നയേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം കാഞ്ചീപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.മൃതദേഹം ചെങ്കല്‍പേട്ടിലെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് ചെങ്കല്‍പേട്ടിനടുത്തെ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. പെട്രോളിങ്ങിനിടെ പോലീസാണ് ഇതാദ്യം കാണുന്നത്. പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് പേര്‍ മൃതദേഹത്തിനരികില്‍ നിന്ന് ഓടിപ്പോവുന്നത് കണ്ടെന്ന് പോലീസുകാര്‍ പറഞ്ഞിരുന്നു. വിവരം പോലീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. തുടര്‍ന്നാണ് ഇത് കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പ് ഇട്ടിട്ടുണ്ട്. കാണാതായ ജസ്‌നയ്ക്കും ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ മൃതദേഹത്തിന് മൂക്കുത്തിയുണ്ട്. ജസ്‌നയ്ക്ക് മൂക്കുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വെളുത്ത നിറമുള്ളയാളാണെന്നും വ്യക്തമാണ്. മൃതദേഹത്തിനടുത്ത് നിന്ന് സ്യൂട്ട് കേസ് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ജസ്‌നയുടേതാണ് എന്ന സംശയം ഉയര്‍ന്നത്. 

മാര്‍ച്ച് 22 നാണ് മുക്കൂട്ട്തറ സ്വദേശിനി ജസ്‌ന മരിയയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജസ്‌ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. ഏരുമേലിയില്‍ എത്തുന്നത് വരെ കണ്ടവരുണ്ട്. പിന്നിട് പെണ്‍കുട്ടിയെ ആരുംകണ്ടില്ല. വീട്ടില്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് ആദ്യം ഏരുമേലി പൊലിസിന് പരാതി നല്‍കി. പിന്നിട് വെച്ചുവിച്ചിറ പൊലീസിന് പരാതി നല്‍കി. റാന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

നേരത്തെ ജസ്‌നയെ ബാംഗളുരു, മൈസുരു തുടങ്ങി കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് കണ്ടുവെന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് അന്വേഷണസംഘം അവിടങ്ങളിലെത്തി അന്വേഷണം നടത്തിയിരുന്നുവെങ്കിലും വ്യാജവാര്‍ത്തകളാണ് പ്രചരിച്ചതെന്ന് വ്യക്തമായിരുന്നു.

ജസ്‌നയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ജസ്‌നയെ കണ്ടെന്ന് സന്ദേശങ്ങളെത്തിയെങ്കിലും പൊലീസ് അന്വേഷണത്തില്‍ ഇതൊക്കെ വ്യാജസന്ദേശങ്ങളാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com