അടുത്ത നിയമസഭയില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാകും: തുഷാര്‍ വെളളാപ്പളളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd June 2018 10:45 AM |
Last Updated: 03rd June 2018 10:45 AM | A+A A- |

തിരുവനന്തപുരം :അടുത്ത നിയമസഭയില്‍ ബി.ഡി.ജെ.എസിന്റെ മന്ത്രിമാര്‍ ഉണ്ടാകുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി . ബി.ഡി.ജെ.എസിന്റെ വരവോടെ ഇടത്, വലത് ബി.ജെ.പി മുന്നണികള്‍ ഈഴവരെ അംഗീകരിക്കാന്‍ തയ്യാറായി. എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നെന്ന് അറിഞ്ഞതോടെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ഇടത് വലത് മുന്നണികള്‍ ഈഴവര്‍ക്ക് കൂടുതല്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടികള്‍ അതിന് തയ്യാറായി.പ്രധാന പാര്‍ട്ടികളൊന്നും ക്രിസ്ത്യാനിയെയോ മുസ്ലിമിനെയോ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ല. പുറത്താക്കിയാല്‍ അവര്‍ക്ക് കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും അഭയം നല്‍കും. ഈഴവന്റെ കാര്യം അങ്ങനെയല്ല. അവരെ പുറത്താക്കി കരിങ്കാലിയായും കൊള്ളരുതാത്തവനായും മുദ്രകുത്തും. എന്നാല്‍ ഇന്ന് അവര്‍ക്ക് സംരക്ഷണം നല്‍കാനും ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 സ്ഥാനാര്‍ത്ഥികളാണ് ബി.ഡി.ജെ.എസിനായി മത്സരരംഗത്തിറങ്ങിയത്. 29 പാര്‍ട്ടികള്‍ മത്സരിച്ചപ്പോള്‍ വോട്ടിംഗ് ശതമാനത്തില്‍ ആറാം സ്ഥാനത്തെത്താന്‍ ബി.ഡി.ജെ.എസിന് സാധിച്ചു. ബൂത്ത് തലത്തിലോ നിയോജക മണ്ഡലാടിസ്ഥാനത്തിലോ കമ്മിറ്റികള്‍ ഇല്ലാതെയാണ് ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ ഇന്ന് അതിനെക്കാള്‍ വിപുലമായ സംവിധാനങ്ങള്‍ ബി.ഡി.ജെ.എസിനുണ്ടെന്നും തുഷാര്‍ പറഞ്ഞു.
ഇടത്, വലത്, ബി.ജെ.പി പാര്‍ട്ടികളില്‍ നേതാവായിട്ടുള്ള ഒരു എസ്.എന്‍.ഡി.പിക്കാരനും ബി.ഡി.ജെ.എസിലേക്ക് വരേണ്ട. കാരണം ബി.ഡി.ജെ.എസിനെ മുന്നില്‍ കണ്ട് പാര്‍ട്ടികള്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തയ്യാറാകുമ്പോള്‍ അതിന് പിന്തുണ നല്‍കാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് ബാദ്ധ്യയുണ്ട്. എന്നാല്‍ അണികളായിട്ടുള്ള ആരും മറ്റു പാര്‍ട്ടികളിലേക്ക് പോകേണ്ട ആവശ്യമില്ല. വല്ലവനും വേണ്ടി വിറക് വെട്ടാനും തല്ലാനും കൊല്ലാനുമുള്ളവരല്ല നമ്മുടെ മക്കളെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ പാച്ചല്ലൂര്‍ ലഗൂണ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.