കെവിന്‍ വധക്കേസ്; പൊലീസുകാരെ പിരിച്ചുവിട്ടേക്കും; കടുത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
By സമകാലികമലയാളം ഡെസ്‌ക് | Published: 04th June 2018 10:45 AM |
Last Updated: 05th June 2018 09:34 AM | A+A A- |

തിരുവനന്തപുരം: കെവന്‍ വധക്കേസില്‍ ആരോപണവിധേയരായ ഗാന്ധിനഗര്‍ എസ്‌ഐ,എഎസ്‌ഐ, പൊലീസ് ഡ്രൈവര്‍ എന്നിവരെ പിരിച്ചുവിടുമെന്ന് സൂചന. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊലീസുകാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഐജി വിജയ് സാക്കറെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം രാവിലെ ആറിനാണ് എസ്‌ഐ അറിഞ്ഞത്. വൈകുന്നേരം എട്ടിനാണ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രി, ഐജി,എസ്പി എന്നിവരുടെ നിര്‍ദേശം എസ്‌ഐ അവഗണിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുടുംബപ്രശ്‌നായി ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
കേരള പൊലീസ് ആക്ട് ക്രിമിനല്‍ നടപടി ക്രമം പ്രകാരം എസ്‌ഐ എം.എസ് ഷിബു, എഎസ്‌ഐ ടി.എം ബിജു, ഡ്രൈവര്‍ അജയ്കുമാര്‍ എന്നിവര്‍ക്കെതിരെ കൈക്കൂലി, സ്വജനപക്ഷപാതം,കൃത്യവിലോപം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടിയെടുക്കുന്നത്. ഇവര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കേസിലെ പ്രധാനപ്രതിയായ ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന മുഹമ്മദ് റഫീഖിന് എതിരെ അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അറിയുന്നു.