വീട്ടിലുള്ളവരോട് ഇവര്‍ ഇങ്ങനെ പെരുമാറുമോ; തന്റെ മേല്‍ കുതിര കയറേണ്ട; യുവനേതാക്കള്‍ക്ക് മറുപടിയുമായി പിജെ കുര്യന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 04th June 2018 07:18 PM |
Last Updated: 04th June 2018 08:34 PM | A+A A- |

കോട്ടയം: പാര്‍ട്ടിയിലെ യുവനേതാക്കള്‍ക്ക് മറുപടിയുമായി പിജെ കുര്യന്‍.ഞാന്‍ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂര്‍ണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എല്‍.എ മാര്‍ എന്റെ മേല്‍ കുതിര കയറുന്നത്. അവര്‍ക്കു പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവര്‍ക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ. ഞാന്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടില്‍ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ലെന്ന് പിജെ കുര്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇപ്പോള്‍ അഭിപ്രായം പറയുന്ന യുവ എം.എല്‍.എ മാരൊക്കെ 25 28 വയസ്സില്‍ എം.എല്‍.എ മാര്‍ ആയവരാണ്. ഞാന്‍ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറര്‍, കെപിസിസി മെമ്പര്‍ തുടങ്ങി പല തലങ്ങളില്‍ 20 വര്‍ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതിനുശേഷമാണ് 1980 ല്‍ മാവേലിക്കരയില്‍ മത്സരിക്കുന്നത്. അന്നും പാര്‍ട്ടിയോട് സീറ്റ് ചോദിച്ചില്ല, ശ്രീ വി.എം. സുധീരനെ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഞാന്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാര്‍ട്ടി എന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. ഞാന്‍ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയില്‍ത്തന്നെ അഞ്ച് തവണ പാര്‍ട്ടി എനിക്ക് സീറ്റ് നല്‍കി, അഞ്ച് തവണയും ഞാന്‍ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയില്‍ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാന്‍ കഴിഞ്ഞെന്നും കുര്യന്‍ പറഞ്ഞു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂര്‍ണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എല്‍.എ മാര്‍ എന്റെ മേല്‍ കുതിര കയറുന്നത്? അവര്‍ക്കു പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവര്‍ക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ? ഞാന്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടില്‍ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
ഇപ്പോള്‍ അഭിപ്രായം പറയുന്ന യുവ എം.എല്‍.എ മാരൊക്കെ 25 28 വയസ്സില്‍ എം.എല്‍.എ മാര്‍ ആയവരാണ്. ഞാന്‍ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറര്‍, കെപിസിസി മെമ്പര്‍ തുടങ്ങി പല തലങ്ങളില്‍ 20 വര്‍ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതിനുശേഷമാണ് 1980 ല്‍ മാവേലിക്കരയില്‍ മത്സരിക്കുന്നത്. അന്നും പാര്‍ട്ടിയോട് സീറ്റ് ചോദിച്ചില്ല, ശ്രീ വി.എം. സുധീരനെ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഞാന്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാര്‍ട്ടി എന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. ഞാന്‍ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയില്‍ത്തന്നെ അഞ്ച് തവണ പാര്‍ട്ടി എനിക്ക് സീറ്റ് നല്‍കി, അഞ്ച് തവണയും ഞാന്‍ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയില്‍ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാന്‍ കഴിഞ്ഞു.
പാര്‍ട്ടിയിലെ ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ അത്ര വലിയ 'പ്രഗത്ഭനൊന്നും' അല്ലെങ്കിലും എന്നെ ഏല്‍പ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാര്‍ത്ഥമായും ചെയ്തിട്ടുണ്ട്. 1989 ല്‍ ലോകസഭയില്‍ പാര്‍ട്ടി പ്രതിപക്ഷത്ത് വന്നപ്പോള്‍ ശ്രീ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999 ല്‍ ശ്രീമതി സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനത്തിന് ഉള്ള അംഗീകാരമാണ് എന്ന് ഞാന്‍ കരുതുന്നു. ശ്രീ നരസിംഹ റാവു മന്ത്രിസഭയില്‍ രണ്ട് പ്രാവശ്യം എന്നെ മന്ത്രിയാക്കിയതും ഞാന്‍ ആവശ്യപ്പെടാതെയാണ്.
അതിനുശേഷം, ശ്രീ നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ആസ്സാമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്ക് നല്‍കി. തുടര്‍ന്ന്, 1999ലും 2002 ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) ശ്രീമതി സോണിയ ഗാന്ധി എനിക്ക് നല്‍കി. ആവര്‍ത്തിച്ച് ഈ ചുമതലകള്‍ പാര്‍ട്ടി നേതൃത്വം എനിക്ക് നല്‍കിയത് എന്റെ പ്രവര്‍ത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്ന് ഞാന്‍ കരുതുന്നു. അതുപോലെതന്നെ, ശ്രീമതി സോണിയ ഗാന്ധി ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണ്ണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാര്‍ഥിനിര്‍ണ്ണയചുമതലകള്‍ ഞാന്‍ ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്.
രണ്ടാം യുപിഎ യുടെ കാലഘട്ടത്തില്‍ ബഹു: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എന്നോട് മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് (MoS) ആയി മന്ത്രിസഭയില്‍ ചേരണമെന്ന് പറഞ്ഞു. 1991ല്‍ മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും ങീട ആവാന്‍ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഈ വിവരം ഞാന്‍ ആ സമയത്ത് തന്നെ ശ്രീ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എ ഐ സി സി ജനറല്‍ സെക്രട്ടറി, ശ്രീ കെ.സി. വേണുഗോപാലിനും ഇക്കാര്യം അറിയാം.
രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ അത് ഞാന്‍ സ്വീകരിക്കണമെന്ന് ശ്രീ എ.കെ. ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ 'പ്രഗത്ഭനല്ലെങ്കിലും' ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാന്‍ നിറവേറ്റിയിട്ടുണ്ട്.
ഞാന്‍ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവര്‍ പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാര്‍ട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കുവാന്‍ എനിക്ക് സന്തോഷമേയുള്ളൂ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയില്‍ മാത്രമല്ല, കേരളമൊട്ടാകെ കെ.എസ്.യു. വും യൂത്ത് കോണ്‍ഗ്രസ്സും ശക്തമായിരുന്നു. ഇപ്പോള്‍ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രാജ്യസഭയില്‍ 'വൃദ്ധന്മാര്‍' പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്?
എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എം.എല്‍.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവര്‍ പെരുമാറുന്നത്?
ഇത് വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിയ്ക്കറിയാം. പക്ഷേ, അധിക്ഷേപിക്കുന്നവര്‍ ചില സത്യങ്ങള്‍ അറിയുന്നത് നല്ലതാണ്. പിന്നീട് എന്നെങ്കിലും അവര്‍ക്കു കുറ്റബോധം ഉണ്ടാകും.