കെവിന്‍ വധത്തില്‍ വാക്‌പോര്: ബഹളത്തില്‍ മുങ്ങി ആദ്യദിനം; സഭ പിരിഞ്ഞു

പൊലീസുകാര്‍ക്കു വീഴ്ച സംഭവിച്ച കേസ് പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെ ശരിയാവുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കെവിന്‍ വധത്തില്‍ വാക്‌പോര്: ബഹളത്തില്‍ മുങ്ങി ആദ്യദിനം; സഭ പിരിഞ്ഞു

തിരുവനന്തപുരം: കെവിന്‍ വധത്തെച്ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും നടത്തിയ വാക് പോരിനിടെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം ബഹളത്തില്‍ മുങ്ങി. കെവിന്‍വധത്തിലും വരാപ്പുഴ കസ്റ്റഡി മരണത്തിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. 

കെവിന്‍ വധത്തില്‍ പൊലീസിന് ഗുരുതര വീഴ്ച വന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പൊലീസുകാര്‍ക്കു വീഴ്ച സംഭവിച്ച കേസ് പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെ ശരിയാവുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പ്രതികളില്‍ രണ്ടുപേര്‍ ഡിവൈഎഫ്‌ഐക്കാരാണ്. അതുകൊണ്ടുതന്നെ ഇതു സിപിഎം നടത്തിയ കൊലയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് തിരുവഞ്ചൂര്‍ ആരോപിച്ചു.

കെവിന്‍ വധത്തില്‍ വീഴച വരുത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തയതാണ്. കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ദുരഭിമാനക്കൊലയാണിത്. ഇതിനെതിരെ കേരളം ഒന്നടങ്കം മുന്നോട്ടുവരേണ്ടതുണ്ട്. ഇതില്‍ രാഷ്ട്രീയം കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൃത്യത്തില്‍ ഉള്‍പ്പെട്ട, നീനുവിന്റെ പിതാവ് ചാക്കോയും കുടുംബവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയതിനാല്‍ ഇതു കോണ്‍ഗ്രസ് ചെയ്ത കൊലയാണെന്നു പറയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com