തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം: പിന്നാക്കക്കാരെ പാടെ ഒഴിവാക്കി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിന്റെ പ്രധാന സ്ഥാനത്ത് നിന്ന് പിന്നാക്കക്കാരെ പാടെ ഒഴിവാക്കി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം: പിന്നാക്കക്കാരെ പാടെ ഒഴിവാക്കി


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിന്റെ പ്രധാന സ്ഥാനത്ത് നിന്ന് പിന്നാക്കക്കാരെ പാടെ ഒഴിവാക്കി. ക്ഷേത്ര ഭരണച്ചുമതലയുള്ള 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ ബോര്‍ഡ് നിയമിച്ചതില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഒരാള്‍ പോലുമില്ല. മൊത്തം 1250 ലേറെ ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. ഇത്രയും ക്ഷേത്രങ്ങളുടെ ഭരണ നിര്‍വഹണത്തിന് ആകെ 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരും. ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ അവസാനവാക്ക് ബോര്‍ഡിന്റേതാണ്.

നിലവിലെ 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ മാറ്റിയാണ് പുതിയ ലിസ്റ്റിന് രൂപം നല്‍കിയത്. ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് റാങ്കിലുള്ള ഈഴവ സമുദായക്കാരായ 9 പേരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷകരായി ഉണ്ടായിരുന്നു. ദേവസ്വം കമ്മിഷണറാണ് മാനദണ്ഡമനുസരിച്ച് പുതിയ നിയമനത്തിനുള്ള ലിസ്റ്റ് തയ്യാറാക്കി ബോര്‍ഡിന് സമര്‍പ്പിക്കേണ്ടത്. ഇതനുസരിച്ച് കമ്മിഷണര്‍ എന്‍. വാസു സമര്‍പ്പിച്ച 26 പേരുടെ ലിസ്റ്റില്‍ ഈഴവ സമുദായത്തില്‍പ്പെട്ട രണ്ട് പേരും ഉള്‍പ്പെട്ടിരുന്നു.

ദേവസ്വം ബോര്‍ഡിലെ സിപിഎം പ്രതിനിധികളായ പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ. രാഘവന്‍, സിപിഐ പ്രതിനിധി കെ.പി. ശങ്കരദാസ്, സെക്രട്ടറി ജയശ്രീ എന്നിവര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ബോര്‍ഡ് അംഗീകരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ നിയമന ലിസ്റ്റിലെ എല്ലാവരും മുന്നാക്കക്കാര്‍. നായര്‍ സമുദായത്തിലെ 23 പേരും ബ്രാഹ്മണ സമുദായത്തിലെ 3 പേരും. പിന്നാക്കക്കാര്‍ ആരുമില്ലെന്ന കേരളകൗമുദി റിപ്പാര്‍ട്ട് ചെയ്യുന്നു. 

സമുദായ പ്രാതിനിദ്ധ്യത്തിന് പുറമെ, മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് പുതിയ നിയമനമെന്നും ആക്ഷേപമുണ്ട്. പെന്‍ഷനാകാന്‍ രണ്ടും മൂന്നും മാസം മാത്രം ശേഷിച്ചവരും, വിജിലന്‍സ് അന്വേഷണം നേരിടുന്നവരും, വിവിധ കേസുകളില്‍പ്പെട്ട് നടപടിക്ക് വിധേയരായവരും, പ്രധാന പോസ്റ്റുകളില്‍ നിയമനം നല്‍കരുതെന്ന് വിജിലന്‍സ് വിഭാഗം ശുപാര്‍ശ ചെയ്തവരുമൊക്കെ പുതിയ നിയമന ലിസ്റ്റിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com