സോഷ്യല്‍ മീഡിയയില്‍ സംഘര്‍ഷഭരിതമായ പോസ്റ്റിട്ടു; ലസിത പാലക്കലിന്റെ യുവമോര്‍ച്ച സെക്രട്ടറി സ്ഥാനം തെറിച്ചു

സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെ സംഘടനയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി 
സോഷ്യല്‍ മീഡിയയില്‍ സംഘര്‍ഷഭരിതമായ പോസ്റ്റിട്ടു; ലസിത പാലക്കലിന്റെ യുവമോര്‍ച്ച സെക്രട്ടറി സ്ഥാനം തെറിച്ചു

സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെ സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സാമൂഹ്യമാധ്യമങ്ങളില്‍ സംഘര്‍ഷഭരിതമായ പോസ്റ്റുകള്‍ ഇടുന്നതിനെതിരെ സഹപ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി കൊടുത്തതുകൊണ്ടാണ് ലസിതയെ മാറ്റിയത്. ഇക്കാര്യം ലസിത തന്നെ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. 

യുവമോര്‍ച്ചയുടെ ജില്ലാസെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തി ആണ് ഞാന്‍. ഒരു ദിവസം യാതൊരു അറിയിപ്പും ഇല്ലാതെ എന്നെ യുവമോര്‍ച്ച ഭരവാഹിത്വത്തില്‍ നിന്നും മാറ്റി എന്ന് ആരൊക്കെയോ പറഞ്ഞതായി ഞാന്‍ കേട്ടു. എന്നെ പോലെ തന്നെ പലര്‍ക്കും അറിയില്ലായിരുന്നു എന്താണ് കാരണം എന്ന്. ഏതായാലും അല്‍പം വൈകി എങ്കിലും കാരണം ഞാന്‍ അറിഞ്ഞിരിക്കുന്നു. ഇന്ന് വരെ ഒരു പരസ്യ പ്രതികരണത്തിന് ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇതാദ്യമായി ഞാന്‍ എല്ലാവരെയും അറിയിക്കുന്നു.

ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ സംഘര്‍ഷഭരിതം ആണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ആണത്രേ എന്നെ മാറ്റിയത്. അതായത് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതിനോ മറ്റു സംഘടനാ ചുമതല ഉത്തരവാദിത്തത്തോട് കൂടി നിര്‍വഹിക്കാത്തതിനോ അല്ല മറിച്ച് സോഷ്യല്‍ മീഡിയയയില്‍ പോസ്റ്റ് ഇടുന്നത് കൊണ്ടാണ് മാറ്റി നിര്‍ത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം-ലസിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഇന്ന് എനിക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന് വിലക്കില്ല. കാരണം ഞാന്‍ ഇന്ന് ഒരു സംഘടനയിലും ഭാരവാഹിത്വം വഹിക്കുന്ന ആളല്ല. എനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയുന്ന ശീലം ആണ് പണ്ടേ. അത് ഇനിയും ഉണ്ടാകും. ഓര്‍മവച്ച കാലം മുതല്‍ ആവേശം കാവിയോടാണ് ആദരം ഭഗവ ധ്വജത്തോടാണ്. അത് ജീവിതകാലം മുഴുവനും തുടരുകയും ചെയ്യും.

എന്തായാലും എന്നെ ഇത്രയും കാലം ആത്മാര്‍ത്ഥമായി പിന്തുണച്ച യുവമോര്‍ച്ചയുടെ നേതാക്കളോടും പാര്‍ട്ടിയിലെ നേതാക്കളോടും നന്ദി അറിയിക്കുന്നു എന്ന് ലസിതാ പാലക്കല്‍ പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com