എടപ്പാള്‍ തീയറ്റര്‍ പീഡനം: ചങ്ങരംകുളം എസ്‌ഐ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2018 12:13 PM  |  

Last Updated: 05th June 2018 12:13 PM  |   A+A-   |  

theatre

 

മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡന കേസില്‍ സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്‌ഐക്കെതിരെ നേരത്തെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുളള നിയമം (പോക്‌സോ) അനുസരിച്ച് കേസെടുത്തിരുന്നു.

തീയറ്റര്‍ പീഡനം അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് എസ്‌ഐക്കെതിരായ കുറ്റം. നേരത്തെ എസ്‌ഐക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനിടെ ഇന്നലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ച തിയറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിവരം അധികൃതരെ അറിയിച്ചില്ല, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ഉന്നയിച്ചാണ് തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം ഈ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. എന്നാല്‍ പോക്‌സോ ചുമത്തി കേസെടുത്ത എസ്‌ഐയെ അറസ്റ്റ് ചെയ്യാതിരിക്കുകയും വിവരം നല്‍കിയ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. മുഖ്യമന്ത്രിക്കും ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് നേതൃത്വത്തിനും പൊലീസ് നടപടിയില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് കേസെടുത്ത് ദിവസങ്ങള്‍ക്കു ശേഷം എസ്‌ഐ അറസ്റ്റിലായിരിക്കുന്നത്.

തിയറ്റര്‍ ഉടമയ്‌ക്കെതിരായ നടപടി പൊലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമമാണ് എസ്‌ഐയുടെ അറസ്റ്റെ്ന്ന് ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.