ഒന്നാം ക്ലാസുകാരന്‍ സ്‌കൂളില്‍ നിന്ന് ചാടി; ബസില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ  പൊലീസ് മിഠായി വാങ്ങിക്കൊടുത്ത് സ്‌കൂളില്‍ എത്തിച്ചു

സ്‌കൂളിന് നിന്ന് ഇറങ്ങിയ കുട്ടി സ്‌കൂളിന് തൊട്ട് താഴെയുള്ള മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറുകയായിരുന്നു
ഒന്നാം ക്ലാസുകാരന്‍ സ്‌കൂളില്‍ നിന്ന് ചാടി; ബസില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ  പൊലീസ് മിഠായി വാങ്ങിക്കൊടുത്ത് സ്‌കൂളില്‍ എത്തിച്ചു

സ്‌കൂളിലെ ഇടവേള സമയത്ത് സ്‌കൂളില്‍ നിന്ന് മുങ്ങിയ ഒന്നാം ക്ലാസുകാരനെ ഒരു മണിക്കൂറിന് ശേഷം കണ്ടെത്തി. കോതമംഗലത്തെ സ്‌കൂളില്‍ നിന്ന് കാണാതായ കുട്ടിയെ പെരുമ്പാവൂരില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തിയിലായ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

കോതമംഗലം ഗവണ്‍മെന്റ് ടൗണ്‍ യു.പി. സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ കാണാതായത്. സ്‌കൂളിന് നിന്ന് ഇറങ്ങിയ കുട്ടി സ്‌കൂളിന് തൊട്ട് താഴെയുള്ള മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറുകയായിരുന്നു. കുട്ടിയ്‌ക്കൊപ്പം രക്ഷിതാക്കള്‍ കൂടെയുണ്ടെന്നാണ് ബസിലെ കണ്ടക്റ്ററും കുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരനും വിചാരിച്ചത്.

കുട്ടിയെ കാണാതായതായി പരാതി ലഭിച്ചതോടെ പോലീസ് കണ്‍ട്രോള്‍ റൂം വഴി എല്ലാ സ്‌റ്റേഷനിലേക്കും സന്ദേശമയച്ചു. പെരുമ്പാവൂര്‍ എസ്‌ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഒരു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ബസ് പരിശോധനയ്ക്കിടെയാണ് സീറ്റിലിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. മിഠായി വാങ്ങിക്കൊടുത്താണ് പൊലീസ് കുട്ടിയെ സ്‌കൂളില്‍ തിരിച്ചെത്തിച്ചത്. കുട്ടി എല്‍കെജി മുതല്‍ പഠിക്കുന്നത് ഇതേ സ്‌കൂളിലാണ്. നെല്ലിക്കുഴി സ്വദേശികളായ രക്ഷിതാക്കളും സ്‌കൂളിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com