ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: എഎസ്‌ഐ ഉള്‍പ്പടെ നാലു പൊലീസുകാരെ സ്ഥലം മാറ്റി  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th June 2018 07:35 PM  |  

Last Updated: 06th June 2018 07:35 PM  |   A+A-   |  

Kerala-Man

 

കൊച്ചി: ആലുവ എടത്തലയില്‍ അന്യായമായി യുവാവിന് മര്‍ദിച്ച സംഭവത്തില്‍ എഎസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. നാലു പൊലീസുകാരെ എആര്‍ ക്യാംപിലേക്കാണ് സ്ഥലംമാറ്റിയത്. എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. 

വാഹനം കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനം. സംഭവം വിവാദമായതോടെ യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു


എടത്തല പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പുഷ്പരാജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഫ്‌സല്‍ ,ജമാലിനെ കൂടാതെ കണ്ടാലറിയുന്ന മറ്റൊരു പൊലീസുദ്യോഗസ്ഥനുമാണ് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായത്. മര്‍ദിച്ചു, മുറിവേല്‍പ്പിച്ചു, അന്യായമായി തടങ്കലില്‍ വച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറും യുവാവിന്റെ ബൈക്കും കൂട്ടിയിടിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരമര്‍ദനത്തില്‍ കലാശിച്ചത്. മര്‍ദനമേറ്റ യുവാവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസുകാരെ ആദ്യം കയ്യേറ്റം ചെയ്തത് ഉസ്മാനാണെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.  സര്‍ക്കാരിന്റെ പൊലീസ് നയത്തിന്റെ വീഴ്ചയാണ് എടത്തലയിലും കണ്ടതെന്ന്  പ്രതിപക്ഷം വിമര്‍ശിച്ചു.

ഉസ്മാന് മര്‍ദനമേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പൊലീസ് സ്‌റ്റേഷനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ നട്ടെല്ലിനു പരുക്കേറ്റെന്ന പരാതിയുമായി വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഈ സംഘര്‍ഷത്തിന്റെ പേരിലും കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.