ഇവര്‍ സംസ്ഥാന ഓഫിസ് നിര്‍മിച്ചവരല്ല, ശവക്കല്ലറ പതിണവര്‍; യൂത്ത് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കെഎസ്‌യു നേതാക്കള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th June 2018 10:05 AM |
Last Updated: 06th June 2018 10:05 AM | A+A A- |

കൊച്ചി: കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ സ്വന്തം സംഘടനയില്‍ പുതുതലമുറയ്ക്ക് അവസരം നല്‍കാതെ കടിച്ചുതൂങ്ങിക്കിടക്കുന്നവരാണെന്ന് കുറ്റപ്പെടുത്തി കെഎസ്‌യു മുന്‍ നേതാക്കള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിക്ക് എഴുതിയ തുറന്ന കത്തിലാണ് കെഎസ്‌യു നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഏഴിനു തിരുവനന്തപുരത്തു യൂത്ത് കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിനു തറക്കല്ലിടുന്ന ചടങ്ങില്‍ ഉദ്ഘാടകനായ ആന്റണി പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിച്ചാണു നേതാക്കളുടെ തുറന്ന കത്ത്.
പിജെ കുര്യനെ മാറ്റണമെന്നു പറയുന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ സ്വന്തം സംഘടനയില്‍ പുതുതലമുറയ്ക്ക് അവസരം കൊടുക്കാതെ കടിച്ചുതൂങ്ങുകയാണ്. കോണ്‍ഗ്രസിനോട് പുതുതലമുറ അനുഭാവം കാട്ടുന്നില്ലെന്നു വിലപിക്കുന്ന നേതാക്കള്‍ പോലും യൂത്ത് കോണ്‍ഗ്രസിലെയും കെഎസ്‌യുവിലെയും പ്രവര്‍ത്തകരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ല. കോണ്‍ഗ്രസിനേക്കാള്‍ മോശം അവസ്ഥയിലാണു യൂത്ത് കോണ്‍ഗ്രസെന്നു യുവ എംഎല്‍എമാര്‍ മനസ്സിലാക്കണമെന്നും കത്തില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നാലു വീലും പഞ്ചറായ അവസ്ഥയിലാണ്. നാല്‍പ്പതു കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെല്ലാം കായകല്‍പ്പ ചികിത്സയിലാണെന്ന് കത്തില്‍ പരിഹാസമുണ്ട്.
നിലവിലെ ഭാരവാഹികളില്‍ 90 ശതമാനവും 40 വയസ്സ് കഴിഞ്ഞവരാണെന്നു കുറ്റപ്പെടുത്തുന്ന കത്തില്‍ നിലവിലെ പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനും സിആര്‍ മഹേഷിനുമെതിരെ വിമര്‍ശനമുണ്ട്. യൂത്ത് കോണ്‍ഗ്രസിനു സംസ്ഥാന ഓഫിസ് നിര്‍മിച്ചവരെന്നല്ല, ശവക്കല്ലറ പണിത നേതാക്കളെന്നാകും ഇവരെ ചരിത്രം രേഖപ്പെടുത്തുന്നതെന്നും കത്തില്‍ പറയുന്നു. കെഎസ്‌യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പിവൈ ഷാജഹാന്‍, സാജു ഖാന്‍, സബീര്‍ മുട്ടം, കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റുമാരായ ഫൈസല്‍ കുളപ്പാടം (കൊല്ലം), ദേവദാസ് മല്ലന്‍ (ആലപ്പുഴ) തുടങ്ങിയവരുടെ നേതൃത്വത്തിലാണു കത്തു തയാറാക്കിയത്.