ഒരു സീറ്റ് ലീഗിന് കിട്ടിയാലായി; ബാക്കിയെല്ലാം ഇടതു മുന്നണി തന്നെ നേടും; 2019ലെ ഫലം പ്രവചിച്ച് ഡോ. ഡി ബാബുപോൾ
By സമകാലിക മലയാളം ഡെസ്ക് | Published: 06th June 2018 04:39 PM |
Last Updated: 06th June 2018 04:39 PM | A+A A- |

തിരുവനന്തപുരം: 2019ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റ് ഒഴിച്ച് എല്ലായിടത്തും ഇടതു മുന്നണി ജയിക്കാനാണ് സാധ്യതയെന്ന് മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും കോളമിസ്റ്റുമായ ഡോ. ഡി. ബാബു പോൾ. ഒരു സീറ്റ് മുസ്ലിംലീഗിന് കിട്ടിയാലായെന്ന് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു ഫലം വിലയിരുത്തിക്കൊണ്ട് കേരള കൗമുദി പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഡി ബാബുപോൾ അഭിപ്രായപ്പെടുന്നു.
ചെങ്ങന്നൂരിൽ ഭൂരിപക്ഷം വർധിച്ചതിന് പ്രധാനകാരണം പിണറായി വിജയന്റെ ഭരണം തന്നെ ആണെന്ന് ലേഖനത്തിൽ പറയുന്നു. പത്രക്കാരെന്ത് പറഞ്ഞാലും പിണറായി കാര്യക്ഷമതയുള്ള, വികസന കാര്യത്തിൽ ദീർഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉള്ള, കേരളം കാത്തിരുന്ന ഭരണാധികാരിയാണ് എന്ന് വിദ്യാഭ്യാസവും വസ്തുനിഷ്ഠ ചിന്താശീലവും ഉള്ള എല്ലാവരും സമ്മതിക്കും. രണ്ടാമത്തെ കാരണം യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വ്യക്തിത്വവും ട്രാക്ക് റെക്കാഡും. ശ്രീധരൻപിള്ള പിറകോട്ടു പോയതിന്റെ കാരണം ശ്രീധരൻപിള്ളയല്ല എന്നതും സത്യം.
നമ്മുടെ മുഖ്യമന്ത്രി ചിരിക്കാൻ പഠിക്കണം എന്നും കടക്ക് പുറത്ത് എന്നതിന് പകരം പുറത്ത് കടക്കുക എന്ന് പറയണം എന്നും പറഞ്ഞിട്ടുള്ളയാളാണ് ഞാൻ. അതിന് ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നുമില്ല. എന്നാൽ പിണറായിയുടെ നിശ്ചയദാർഢ്യവും ആജ്ഞാശക്തിയും മലയാളി മാനിക്കുന്നതാണ് എന്ന് പിണറായി വിരുദ്ധർ അറിയണം. ചെങ്ങന്നൂർ നൽകുന്ന പാഠമാണ് അത്- ലേഖനം പറയുന്നു.
പിണറായി കുറെ കൊല്ലങ്ങൾക്ക് മുൻപ് കോട്ടയത്ത് വച്ച് സഖാക്കളെ ശാസിച്ചത് എത്രപേർ ഓർക്കുന്നുണ്ട് എന്നറിയുന്നില്ല. സി.പി.എം യോഗം ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല എന്ന് പറഞ്ഞത് ഞാൻ ടിവിയിൽ കണ്ടതാണ്. അതിൽ ആജ്ഞാശക്തിയും നർമ്മബോധവും സമ്മേളിച്ചിരുന്നു. എന്നുവച്ച് പിണറായി തിരുത്തുന്നില്ലേ? വസ്തുതകൾ തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാൽ തിരുത്താനും തയ്യാറാണ് ഈ മനുഷ്യൻ. നേതൃത്വം പഠിപ്പിക്കുന്ന മാനേജ്മെന്റ് ഗുരുക്കന്മാർ കേസ് സ്റ്റഡി ആക്കേണ്ട നേതൃത്വ ശൈലിയാണ് പിണറായിയുടേത്. പിണറായിയുടെ നിശ്ചയദാർഢ്യം, ആജ്ഞാശക്തി, പാലം കുലുങ്ങിയാലും താൻ കുലുങ്ങുകയില്ല എന്ന മട്ടിലുള്ള ധീരത തുടങ്ങിയവയൊക്കെ ജനം ശ്രദ്ധിക്കുന്നുണ്ട്. പിണറായിക്കൊപ്പം നിൽക്കാൻ കോൺഗ്രസിൽ ആരും ഇല്ലതാനും.
നമ്മുടെ രാഷ്ട്രീയ നേതാക്കൾ പൊതുവേ ബൂർ ബോൺ രാജാക്കന്മാരെപ്പോലെ ആണ്. അവർ ഒന്നും പഠിക്കുന്നുമില്ല. ഒന്നും മറക്കുന്നുമില്ല. അതുകൊണ്ട് 2019ൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല. തത്സ്ഥിതി തുടരാനാണ് സാദ്ധ്യത. ലീഗിന് ഒരു സീറ്റ് കിട്ടിയാലായി. പിണറായി ജാഗരൂകനായി തുടരുമെങ്കിൽ ബാക്കിയെല്ലാം ഇടതു ജനാധിപത്യ മുന്നണി നേടും- ബാബുപോൾ ലേഖനത്തിൽ പറയുന്നു.