കുര്യന്‍ വീണ്ടും മത്സരിക്കരുത്, ആന്റണി പാര്‍ട്ടിക്ക് അനിവാര്യനെന്ന് ഡീന്‍ കുര്യാക്കോസ് 

കോണ്‍ഗ്രസില്‍ അടിയന്തിരമായി വേണ്ടത് സംഘടനാ നവീകരണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്
കുര്യന്‍ വീണ്ടും മത്സരിക്കരുത്, ആന്റണി പാര്‍ട്ടിക്ക് അനിവാര്യനെന്ന് ഡീന്‍ കുര്യാക്കോസ് 

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടിയന്തിരമായി വേണ്ടത് സംഘടനാ നവീകരണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സംഘടനാപരമായി യു.ഡി.എഫ് പരാജയപ്പെട്ടതാണ് ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. 

മതേതര വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണ് തുറക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നതാണ് ചിന്തിക്കേണ്ടത്. രാജ്യസഭാ സീറ്റിലെ ഒഴിവില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് യൂത്ത് കോണ്‍ഗ്രസിനുള്ളത്. പുതുമുഖങ്ങള്‍ക്കോ യുവാക്കള്‍ക്കോ അവസരം നല്‍കണം. പി.ജെ.കുര്യനെ പോലുള്ളവര്‍ വീണ്ടും മത്സരിക്കരുതെന്നാണ് അഭിപ്രായം.എന്നാല്‍ എ.കെ.ആന്റണിയെപ്പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസിന് അനിവാര്യരാണ്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കേണ്ട കാര്യമില്ല. രാജ്യസഭാ സീറ്റിന്റെ പേരിലുള്ള തര്‍ക്കം കൊണ്ട് കോണ്‍ഗ്രസിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ തീരില്ല. കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടുപോയ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. മാണിക്കെതിരെ ഇടതുമുന്നണി ഉന്നയിച്ച ആരോപണങ്ങള്‍ അവര്‍തന്നെ കഴുകി കളഞ്ഞിരിക്കുന്നുവെന്നും ഡീന്‍ ആരോപിച്ചു.

കോട്ടയത്തെ കെവിന്റെ കൊലപാതകം ഡി.വൈ.എഫ്.ഐ  പൊലീസ് ഗൂഢാലോചനയാണ്. കേസ് തേച്ചു മായ്ച്ച് കളയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. കൊലപാതകത്തിന് കൂട്ടു നിന്ന ഡി.വൈ.എഫ്.ഐക്ക് സംഘടനാ പ്രവര്‍ത്തനത്തിനുള്ള ധാര്‍മിക അവകാശം നഷ്ടമായിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡീന്‍കുര്യാക്കോസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com