മര്‍ദനമേറ്റ യുവാവിന്റെ കവിളെല്ലിനു പൊട്ടല്‍; പൊലീസുകാര്‍ക്കെതിരെ കേസെടുത്തു, ഡിവൈഎസ്പി അന്വേഷിക്കും

മര്‍ദനമേറ്റ യുവാവിന്റെ കവിളെല്ലിനു പൊട്ടല്‍; പൊലീസുകാര്‍ക്കെതിരെ കേസെടുത്തു, ഡിവൈഎസ്പി അന്വേഷിക്കും
മര്‍ദനമേറ്റ യുവാവിന്റെ കവിളെല്ലിനു പൊട്ടല്‍; പൊലീസുകാര്‍ക്കെതിരെ കേസെടുത്തു, ഡിവൈഎസ്പി അന്വേഷിക്കും

കൊച്ചി: ആലുവ എടത്തലയില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. പൊലീസുകാരുടെ ജോലി തടസപ്പെടുത്തിയതിന്, സംഭവത്തില്‍ ഉള്‍പ്പെട്ട പ്രവാസിയായ യുവാവ് ഉസ്മാനെതിരെ നേരത്തെ കേസെടുത്തിരുന്നു.

പൊലീസുകാരുടെ മര്‍ദനത്തില്‍ ഉസ്മാന്റെ കവിളെല്ലിനു പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കവിളെല്ലിനു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ തട്ടി മറിഞ്ഞ് ചെറിയ അപകടമാണ് ഉണ്ടായത്. ഈ അപകടത്തിലെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. കവിളെല്ലിലെ പരുക്ക് പൊലീസ് മര്‍ദനത്തിലാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. കുറ്റക്കാരെന്നു കണ്ടാല്‍ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവും.

സ്വകാര്യ കാറില്‍ എത്തിയ മഫ്തിയിലായിരുന്ന പൊലീസുകാരാണ് കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ (39) ക്രൂരമായി മര്‍ദിച്ചത്. പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടാകുന്നത്.

നോമ്പ് തുറക്കാന്‍ പള്ളിയിലേക്ക് പോവുകയായിരുന്ന ഉസ്മാന്റെ ബൈക്കില്‍ എടത്തല ഗവണ്‍മെന്റ് ഹൈസ്‌കൂളിന് അടുത്തുവെച്ച് പൊലീസുകാരുടെ കാര്‍ ഇടിച്ചു. സ്വകാര്യ കാറില്‍ മഫ്തിയിലായിരുന്നതിനാല്‍ പൊലീസുകാരുടെ കാറാണെന്ന് ഉസ്മാനോ വഴിയിലുണ്ടായിരുന്നവര്‍ക്കോ മനസ്സിലായിരുന്നില്ല. തര്‍ക്കം രൂക്ഷമായപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ മര്‍ദിച്ചശേഷം കാറില്‍ കയറ്റിക്കൊണ്ടു പോയി. കാറിലും സ്‌റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

ഇതേ സമയം ഉസ്മാനെ ഗുണ്ടാസംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് തെറ്റിദ്ധരിച്ച് പരാതി കൊടുക്കാന്‍ നാട്ടുകാര്‍ എടത്തല പൊലീസ് സ്‌റ്റേഷനില്‍ എത്തി. അവിടെവെച്ച് ഉസ്മാനെ കണ്ടതോടെ പ്രശ്‌നമെന്തെന്ന് ചോദിച്ചെങ്കിലും പൊലീസുകാര്‍ നാട്ടുകാരോട് കയര്‍ത്തു.
പ്രശ്‌നമെന്താണെന്ന് അറിയാനായി സ്‌റ്റേഷനിലേക്ക് വിളിച്ച ജനപ്രതിനിധികളോടും മോശമായി പെരുമാറിയതായി നാട്ടുകാര്‍ പറഞ്ഞു. ഉസ്മാനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് കുഞ്ചാട്ടുകരയില്‍ നിന്ന് നൂറുകണക്കിന് പേരാണ് എടത്തല പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.

യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു. നിരന്തരം ആവശ്യപ്പെട്ടിട്ടും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ ആലുവ ഡിവൈ.എസ്.പി. കെ.ബി. പ്രഫുല്ലചന്ദ്രന്‍ സ്ഥലത്തെത്തിയതോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

എന്നാല്‍, ജില്ലാ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കാന്‍ പൊലീസ് തയ്യാറായില്ല. ഇതോടെ ആശുപത്രിയില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. ആലുവ സ്‌റ്റേഷനില്‍ നിന്ന് സി.ഐ. വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തിയിരുന്നു. ഇവരുമായാണ് നാട്ടുകാര്‍ ഉന്തും തള്ളുമുണ്ടാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com