ഒടുവില്‍ ബിഡിജെഎസിന് വാഗ്ദത്ത പദവി നല്‍കി ബിജെപി; സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2018 09:53 AM  |  

Last Updated: 07th June 2018 09:53 AM  |   A+A-   |  

bdjs_subhash_vasu

 

ന്യൂഡല്‍ഹി: ബിജെപി വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെന്ന ബിഡിജെഎസിന്റെ പരാതിക്ക് കേന്ദ്ര ഭരണത്തിന്റെ നാലാം വര്‍ഷത്തില്‍ പരിഹാരമാവുന്നു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. വാഗ്ദാന ലംഘനത്തെച്ചൊല്ലി ബിഡിജെഎസ് ബിജെപിയുമായി ഭിന്നിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം.

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമാണ് സുഭാഷ് വാസു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കുട്ടനാട് നിയോജക മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റ്, എസ്എന്‍ ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, വെള്ളാപ്പള്ളി നടേശന്‍ കോളജ് ഒഫ് എന്‍ജിനിയറിംഗ് മാനേജര്‍, ശ്രീ ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. 

കേന്ദ്ര സഹമന്ത്രി പദവിയോടെ ഒരു ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം, ഐടിഡിസിയിലും കയര്‍ ബോര്‍ഡിലും സ്‌പൈസസ് ബോര്‍ഡിലും ഓരോ അംഗങ്ങള്‍ എന്നീ വാഗ്ദാനങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം ബിഡിജെഎസിനു മുന്നില്‍ വച്ചെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇരു പാര്‍ട്ടികളും ഇതു സ്ഥിരീകരിച്ചിട്ടില്ല. നാളീകേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്നാണ് ബിഡിജെഎസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഇതിനു പുറമേ ബിഡിജെഎസ് നിര്‍ദേശിക്കുന്ന പത്തു പേരെ ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിക്കുമെന്നും സൂചനകളുണ്ട്.