നിപ്പയ്ക്ക് പിന്നാലെ വീണ്ടും പനിക്കാലം; പിടിമുറുക്കുന്നത് ഡെങ്കി, മലമ്പനി, എലിപ്പനി, കരിമ്പനിയും കളത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2018 08:46 AM  |  

Last Updated: 07th June 2018 08:47 AM  |   A+A-   |  

Fever

 

കൊച്ചി: നിപ്പ വൈറസ് തീര്‍ത്ത ആഘാതത്തില്‍ നിന്നും കേരളം എഴുന്നേല്‍ക്കുന്നതിന് മുന്‍പ് പകര്‍ച്ച പനി ഭീഷണിയില്‍ വീണ്ടും കുരുങ്ങി മലയാളികള്‍. ഡെങ്കി, മലമ്പനി, എലിപ്പനി എന്നിവയാണ് ഇപ്പോള്‍ ഭീഷണിയായെത്തുന്നത്. 

കേരളത്തില്‍ പ്രതിദിനം മുപ്പത് പേര്‍ക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കാസര്‍കോഡ് ജില്ലയിലാണ് പകര്‍ച്ചപ്പനി ഭീഷണി കൂടുതല്‍. ജൂണില്‍ മാത്രമായി അറുപതോളം പേര്‍ ഇവിടെ ഡെങ്കി പനിക്ക് ചികിത്സ തേടിയെത്തി. 

തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്യുന്നു. മേയില്‍ മാത്രം 436 പേരാണ് സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. ഡെങ്കിക്കും, മലമ്പനിക്കും എലിപ്പനിക്കും പുറമെ സംസ്ഥാനത്ത് കരിമ്പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുളത്തുപ്പുഴ വില്ലുമര സ്വദേശിക്കാണ് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 

കരിമ്പനി പകരില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. മാത്രല്ല ഇതിന് ഫലപ്രദമായ മരുന്നുള്ളതിനാല്‍ കരിമ്പനി ഭീതി വേണ്ടെന്നും മെഡിക്കല്‍ കോളെജ് കമ്യൂണിറ്റി വിഭാഗം വ്യക്തമാക്കുന്നു. കരിമ്പനിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും വ്യക്തമാക്കുന്നു. 

കരിമ്പനിക്ക് കാരണമാകുന്ന മണലീച്ചകളെ നശിപ്പിക്കാന്‍ വീടുകളില്‍ പ്രത്യേക ലായനി തളിക്കും. കരിമ്പനി ബാധിത പ്രദേശത്ത് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സ്ഥാപിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കരിമ്പനി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കൊതുകിനേക്കാള്‍ വലുപ്പം കുറഞ്ഞ പെണ്‍ ഈച്ചകള്‍ കടിക്കുന്നതിലൂടെയാണ് കരിമ്പനി പകരുന്നത്. 

ഇടയ്ക്കിടെയുള്ള പനി, രോഗം കൂടുന്നതോടെ മുഖം, കൈകാലുകള്‍, വയര്‍ എന്നിവിടങ്ങളിലെ തൊലിപ്പുറത്ത് വരുന്ന കറുത്ത പാടുകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. കരള്‍, മജ്ജ, പ്ലീഹ എന്നിവയെ ആണ് കരിമ്പനി ബാധിക്കുന്നത്.