പൊലീസ് എന്റെ ഉമ്മയെ വരെ തെറി വിളിച്ചു, ആ ഭാഷയില്‍ നിയമസഭയില്‍ സംസാരിക്കാനാവില്ലെന്ന് അന്‍വര്‍ സാദത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th June 2018 11:32 AM |
Last Updated: 07th June 2018 11:33 AM | A+A A- |

തിരുവനന്തപുരം: ആലുവ എടത്തലയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ ഇടപെട്ടപ്പോള്‍ കേട്ടലറയ്ക്കുന്ന തെറിവിളിയുമായാണ് പൊലീസ് തന്നെ നേരിട്ടതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. പൊലീസ് സംസാരിച്ച ഭാഷയില്‍ നിയമസഭയില്‍ സംസാരിക്കാനാവില്ലെന്നും അതുകൊണ്ട് സഭയില്‍ പറയുന്നില്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. എടത്തല സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അന്‍വര്‍ സാദത്ത്.
എടത്തലയില്‍ നോമ്പു മുറിക്കുന്നതിനുള്ള വിഭവങ്ങളുമായി വീട്ടിലേക്കു വരികയായിരുന്ന പ്രവാസി യുവാവിനാണ് മര്‍ദനമേറ്റത്. ഉസ്മാന്റെ വണ്ടിയില്‍ പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. വണ്ടി ഇടിച്ച ദേഷ്യത്തില്‍ ഉസ്മാന്‍ പ്രതികരിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഇതിന് അതിക്രൂരമായ മര്‍ദനമാണ് പൊലീസില്‍നിന്ന് ഏല്‍ക്കേണ്ടിവന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
പൊലീസ് മഫ്തിയില്‍ ആയതിനാല്‍ ആര്‍ക്കും തിരിച്ചറിയാനായില്ല. ഇവര്‍ ഉസ്മാനെ പിടിച്ചുകൊണ്ടുപോയ ഉടനെ ഒരു ബന്ധു തന്നെ വിളിച്ചിരുന്നുവെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. പൊലീസില്‍ പരാതി കൊടുക്കാനും താന്‍ പൊലീസിനെ വിളിച്ചോളാം എന്നുമാണ് പറഞ്ഞത്. ഇങ്ങനെ പരാതിയുമായി ചെന്ന ബന്ധു തന്റെ പേരു പറഞ്ഞപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പൊലീസ് പ്രതികരിച്ചത്. വീട്ടില്‍ ഇരിക്കുന്ന ഉമ്മയെ വരെ തെറി വിളിച്ചു. പൊലീസ് തന്റെ ഉമ്മയെ വിളിച്ച വാക്കുകള്‍ ഈ സഭയില്‍ പറയാനാവില്ല. ക്വട്ടേഷന്‍ സംഘം പിടിച്ചുകൊണ്ടുപോയെന്നാണ് കണ്ടുനിന്നവര്‍ തന്നോടു പറഞ്ഞത്. ക്വട്ടേഷന്‍ സംഘത്തിനു സമാനമായിരുന്നു അവിടെ പൊലീസിന്റെ പെരുമാറ്റമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.