നമ്പൂതിരി വിഭാഗമല്ലാത്തതിനാല്‍ ക്ഷേത്രം തന്ത്രിക്ക് അതൃപ്തി; കീഴ്ജാതിക്കാരന് ശാന്തിയായി ജോലി നല്‍കുന്നില്ലെന്ന് ആരോപണം

നമ്പീശന്‍ വിഭാഗത്തില്‍പ്പെട്ടതിനാലാണ് ജോലി നല്‍കാത്തതെന്ന് അദ്ദേഹം പറഞ്ഞു
നമ്പൂതിരി വിഭാഗമല്ലാത്തതിനാല്‍ ക്ഷേത്രം തന്ത്രിക്ക് അതൃപ്തി; കീഴ്ജാതിക്കാരന് ശാന്തിയായി ജോലി നല്‍കുന്നില്ലെന്ന് ആരോപണം

കണ്ണൂര്‍; ജാതിവിവേചനത്തിന്റെ പേരില്‍ ശാന്തി നിയമനം തടയുന്നുവെന്ന ആരോപണവുമായി യുവാവ്. ദേവസ്വം നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്കുണ്ടായിട്ടും നമ്പൂതിരി വിഭാഗത്തില്‍പ്പെട്ട ആളല്ല എന്ന് പറഞ്ഞ് ജോലി നല്‍കുന്നില്ല എന്ന് ആരോപിച്ച് തളിപ്പറമ്പ് കുപ്പം വീട്ടില്‍ കെ.വി. ഉണ്ണികൃഷ്ണനാണ് രംഗത്തെത്തിയത്. നമ്പീശന്‍ വിഭാഗത്തില്‍പ്പെട്ടതിനാലാണ് ജോലി നല്‍കാത്തതെന്ന് അദ്ദേഹം പറഞ്ഞു.

ചിറക്കല്‍ കോവിലകം ദേവസ്വത്തിന്റെ കീഴില്‍ പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തിലായിരുന്നു നിയമനം. പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രം ഉള്‍പ്പടെ ചിറക്കല്‍ ദേവസ്വത്തിന് കീഴില്‍ 12 ക്ഷേത്രങ്ങളില്‍ ശാന്തി ഉള്‍പ്പെടെ വിവിധ പോസ്റ്റുകളിലേക്ക് 2015 സെപ്റ്റംബര്‍ ഒന്പതിനാണ് അപേക്ഷ ക്ഷണിച്ചത്. ഹിന്ദുമതവിശ്വാസികളില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഉണ്ണികൃഷ്ണന്‍മാത്രമേ അപേക്ഷിച്ചുള്ളൂ. 2016 ഫെബ്രുവരി രണ്ടിന് അഭിമുഖവും നടന്നു.

തുടര്‍ന്ന് ഉണ്ണികൃഷ്ണനെ ശാന്തി തസ്തികയില്‍ നിയമിക്കാന്‍ തീരുമാനിച്ച് എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ജോലി നല്‍കിയില്ല. ക്ഷേത്രം തന്ത്രിയുടെ അനുവാദം ഇല്ലാത്തതിനെത്തുടര്‍ന്നാണ് നിയമനം നടത്താത്തതെന്നും ജാതിവിവേചനമാണ് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇതേത്തുടര്‍ന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും അസി. കമ്മിഷണര്‍ക്കും ഉണ്ണികൃഷ്ണന്‍ പരാതിനല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വിവരമറിയിച്ചെങ്കിലും ഇടപെട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്റെ നിയമനത്തിന് ബോര്‍ഡിന് എതിര്‍പ്പില്ലെന്ന് ദേവസ്വം അസി. കമ്മിഷണര്‍ പി.കെ. വൃന്ദ പറഞ്ഞു. അദ്ദേഹത്തിന്റെ അപേക്ഷയില്‍ തന്ത്രിയുടെ അനുമതി പത്രമില്ലാത്തതിനാലാണ് നിയമനം വൈകുന്നതെന്നാണ് അവര്‍ പറയുന്നത്. കൂടാതെ പ്രദേശികമായ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com