യുഡിഎഫിലേക്ക് മടങ്ങാന്‍ രാജ്യസഭാ സീറ്റ് ചോദിച്ച് മാണി; സമവാക്യം അതല്ലെന്ന് കോണ്‍ഗ്രസ്‌

ചെങ്ങന്നൂരില്‍ ഉപാധികളില്ലാതെയാണ് യുഡിഎഫിനെ കേരള കോണ്‍ഗ്രസ് പിന്തുണച്ചതെന്നും ഇപ്പോള്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നത് ന്യായമല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്
യുഡിഎഫിലേക്ക് മടങ്ങാന്‍ രാജ്യസഭാ സീറ്റ് ചോദിച്ച് മാണി; സമവാക്യം അതല്ലെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ചതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചെത്തുന്നു. ന്യൂഡല്‍ഹിയില്‍ വെച്ച് യുഡിഎഫ് നേതാക്കളും ജോസ്.കെ.മാണിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും, യുഡിഎഫിലേക്ക് തിരികെ പോകാന്‍ കേരള കോണ്‍ഗ്രസില്‍ തീരുമാനമായെന്നുമാണ് സൂചന. 

ഉപാധികളോടെയാണ് യുഡിഎഫിലേക്ക് മടങ്ങുന്നതെന്നായിരുന്നു ജോസ്.കെ.മാണിയുടെ പ്രതികരണം. രാജ്യസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ് അവകാശവാദമുന്നയിക്കും എന്നതിന് പുറമെ നിയമസഭാ സീറ്റുകളില്‍ ചിലതു വെച്ചുമാറണം എന്ന ആവശ്യവും കേരളാ കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കും. എന്നാല്‍ ചെങ്ങന്നൂരില്‍ ഉപാധികളില്ലാതെയാണ് യുഡിഎഫിനെ കേരള കോണ്‍ഗ്രസ് പിന്തുണച്ചതെന്നും ഇപ്പോള്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നത് ന്യായമല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. 

ഇന്ന് രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചകളില്‍ കേരള കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ നേരിട്ട് അറിയിക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. കര്‍ഷകരുടെ ചില പ്രശ്‌നങ്ങള്‍ യുപിഎയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവും കേരള കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിന്റെ നേതൃയോഗത്തിന് ശേഷമായിരുന്നു മുന്നണി പ്രവേശനത്തെ കുറിച്ചുള്ള ജോസ്.കെ.മാണിയുടെ പ്രതികരണം. 

മു്സ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ജോസ്.കെ.മാണിയും മുന്‍കൈ എടുത്തതിനെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്ക് മടങ്ങുവാനുള്ള തീരുമാനം ഉണ്ടാകുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അവസാന നിമിഷമായിരുന്നു കേരള കോണ്‍ഗ്രസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com