വിവാഹ വസ്ത്രം എടുക്കാനെത്തിയ യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ കാമുകന്‍ എത്തി; സഹോദരനും പ്രതിശ്രുതവരനും തടഞ്ഞു; അവസാനം കൂട്ടത്തല്ലായി

പോലീസെത്തി കാര്യം അന്വേഷിച്ചതോടെ വിവാഹം നിശ്ചയിച്ചത് പെണ്‍കുട്ടിയുടെ അറിവോടെയാണെന്ന് മനസ്സിലായി. ഇതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിന്‍വലിഞ്ഞു.
വിവാഹ വസ്ത്രം എടുക്കാനെത്തിയ യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ കാമുകന്‍ എത്തി; സഹോദരനും പ്രതിശ്രുതവരനും തടഞ്ഞു; അവസാനം കൂട്ടത്തല്ലായി

തൊടുപുഴ: വിവാഹവസ്ത്രം എടുക്കാനായി പ്രതിശ്രുതവരനും കുടുംബത്തിനുമൊപ്പമെത്തിയ യുവതിയെ വിളിച്ചിറക്കിക്കൊണ്ടുപോകാന്‍ കാമുകന്റെ ശ്രമം. യുവതിയുടെ സഹോദരനും പ്രതിശ്രുതവരനും ഇത് തടയാന്‍ ശ്രമിച്ചതോടെ കാമുകന് കൂടെയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇതില്‍ ഇടപെട്ടു. അവസാനം കൂട്ടയടിയായി. തൊടുപുഴയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്.

ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുമ്പ് പാലക്കുഴ സ്വദേശി ഗള്‍ഫില്‍ പോയി. ഈ സമയം ബെംഗളൂരുവില്‍ ജോലിക്കെത്തിയ പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി പ്രണയത്തിലായി. ഇതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍നിന്ന് ബെംഗളൂരുവിലേക്ക് തിരികെവന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയവും നടന്നു.

വിവാഹത്തെക്കുറിച്ച് യുവതിയില്‍നിന്ന് അറിഞ്ഞ കാമുകന്‍ ബുധനാഴ്ച രാവിലെ ഗുജറാത്തില്‍നിന്ന് വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി. അവിടെനിന്ന് ടാക്‌സിയില്‍ തൊടുപുഴയിലെത്തി. വിവാഹവസ്ത്രം എടുത്തുകൊണ്ടിരുന്ന യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. തൊടുപുഴ പ്രസ് ക്ലബ്ബിന് മുന്‍പിലെ റോഡില്‍ ഗതാഗതം മുടങ്ങുന്ന രീതിയിലായിരുന്നു അടിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാല്‍മണിക്കൂറിലധികം സംഘര്‍ഷം നീണ്ടുനിന്നു. ഒടുവില്‍ പോലീസെത്തി കാര്യം അന്വേഷിച്ചതോടെ വിവാഹം നിശ്ചയിച്ചത് പെണ്‍കുട്ടിയുടെ അറിവോടെയാണെന്ന് മനസ്സിലായി. ഇതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിന്‍വലിഞ്ഞു.

യുവതിയെയും ഗുജറാത്തില്‍ എന്‍ജിനീയറായ കാമുകനെയും പ്രതിശ്രുതവരനെയും ബന്ധുക്കളെയും പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. യുവതിയെ പോലീസ് തൊടുപുഴ മൈലക്കൊമ്പിലെ ഷെല്‍ട്ടര്‍ ഹോമിലാക്കി. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയോ വീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുകയോ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷമുണ്ടാക്കിയതിന് യുവതിയുടെ സഹോദരന്‍, പ്രതിശ്രുതവരന്‍, കാമുകന്‍ തുടങ്ങി ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com