ദീപാ നിഷാന്തിനെതിരെ ഫെയ്‌സ്ബുക്കില്‍ വധ ഭീഷണി; ബിജെപി ഐടി സെല്‍ മേധാവി അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2018 02:39 PM |
Last Updated: 08th June 2018 02:39 PM | A+A A- |
തൃശൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിഷാന്തിനു നേരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ബിജു നായരാണ് അറസ്റ്റിലായത്. ബിജെപിയുടെ ഐടി സെല്‍ വിഭാഗം മേധാവിയാണ് ബിജു എന്നാണ് അറിയുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരമാണു കേസെടുത്തതെന്നു തൃശൂര്‍ വെസ്റ്റ് പൊലീസ് പറഞ്ഞു. നേരത്തെ നാലു പേരെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
അശ്ലീല വാട്‌സാപ് ഗ്രൂപ്പുകളില്‍ ദീപാ നിഷാന്തിന്റെ മൊബൈല്‍ നമ്പര്‍ പോസ്റ്റ് ചെയ്ത ശേഷം എല്ലാവരോടും വിളിക്കാന്‍ നിര്‍ദേശിച്ചവരാണു നേരത്തെ പിടിയിലായത്.
ബിജു നായരെ തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കു വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌റ്റേഷനില്‍നിന്നു തന്നെ ജാമ്യം നല്‍കി വിട്ടയച്ചു.
രമേഷ് കുമാര്‍ നായര്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക് അക്കൗണ്ടില്‍നിന്ന് ദീപയുടെ രക്തം വേണമെന്ന കമന്റിന് ബിജു നായരിട്ട മറുപടിയാണ് പരാതിക്കിടയാക്കിയത്. രമേഷ് കുമാര്‍ നായരെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
കഠ്‌വയിലെ പീഡനക്കേസിനെപ്പറ്റി ദീപക് ശങ്കരനാരായണന്‍ ഇട്ട പോസ്റ്റ് കമന്റ് ബോക്‌സില്‍ പകര്‍ത്തിയിട്ടതിന്റെ പേരിലായിരുന്നു ദീപ നിഷാന്തിനെതിരായ സൈബര്‍ ആക്രമണം.