മാണിയെ മത്സരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍; പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവരെ പരിഗണിക്കണമെന്ന് പി ജെ ജോസഫ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2018 06:04 PM  |  

Last Updated: 08th June 2018 06:11 PM  |   A+A-   |  

 

കോട്ടയം: രാജ്യസഭ സീറ്റില്‍ മുതിര്‍ന്ന നേതാവ് കെ എം മാണിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍. കെ എം മാണിയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ മാത്രം ജോസ് കെ മാണിയെ പരിഗണിയ്ക്കാം. യുഡിഎഫ്, പാര്‍ട്ടി വേദികളില്‍ ഇരുവര്‍ക്കും സ്വീകാര്യതയുണ്ടെന്നും എംഎല്‍എമാര്‍ വിലയിരുത്തുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് മാണി പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. അതേസമയം മറ്റു പേരുകളുടെ പേരില്‍ കേരള കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 കെ എം മാണിയും ,ജോസ് കെ മാണിയും മത്സരിക്കാനില്ലെങ്കില്‍, വേറെ ആളുണ്ടെന്ന് മുതിര്‍ന്ന നേതാവ് പി ജെ ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവരെ പരിഗണിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. വെളളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം കൈക്കൊളളുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.