ഗുണം പിന്നീട് ലഭിക്കും; മുൻപ് ലീഗും സീറ്റ് വിട്ടുകൊടുത്തിരുന്നു: കുഞ്ഞാലിക്കുട്ടി
By സമകാലികമലയാളം ഡെസ്‌ക് | Published: 08th June 2018 07:41 PM |
Last Updated: 08th June 2018 07:41 PM | A+A A- |

തിരുവനന്തപുരം: കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയ വിഷയത്തിൽ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഇക്കാര്യത്തിൽ ലീഗ് ഇടപെട്ടത് പൊതുതാത്പര്യം മുൻ നിർത്തിയാണെന്നും ഇതിന്റെ ഗുണം മുന്നണിക്ക് പിന്നീട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് ലീഗിന്റെ സീറ്റ് വിട്ടു കൊടുത്തപ്പോൾ അണികൾക്കിടയിൽ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോൺഗ്രസിന്റെ സീറ്റ് മാണിക്ക് നൽകാൻ സമ്മർദ്ദം ചെലുത്തിയത് കുഞ്ഞാലിക്കുട്ടിയും ലീഗുമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. അതേസമയം ലീഗിന്റെ സമ്മർദ്ദം കാരണമല്ല മാണിക്ക് സീറ്റ് നൽകിയതെന്നും മുന്നണി വിപുലീകരിക്കാനാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.