കലക്റ്ററേറ്റിലെ ഫയലുകള്‍ നശിപ്പിക്കാന്‍ വരുന്ന എലിയെ പിടിക്കാന്‍ കെണി ഒരുക്കി; കുടുങ്ങിയത് ഉഗ്രവിഷമുള്ള പാമ്പ്

അഡ്മിനിസ്‌ട്രേഷനില്‍ വെച്ചിരിക്കുന്ന കെണിയിലാണ് പാമ്പ് കുടുങ്ങിയത്. ബോര്‍ഡിലേക്ക് കയറിയ പാമ്പ് പശയില്‍ കുടുങ്ങുകയായിരുന്നു
കലക്റ്ററേറ്റിലെ ഫയലുകള്‍ നശിപ്പിക്കാന്‍ വരുന്ന എലിയെ പിടിക്കാന്‍ കെണി ഒരുക്കി; കുടുങ്ങിയത് ഉഗ്രവിഷമുള്ള പാമ്പ്

കൊച്ചി; എലിയുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയാണ് എറണാകുളം കലക്റ്ററേറ്റിലെ ജീവനക്കാര്‍ എലിയെ പിടിക്കാന്‍ ഒരു കെണി ഒരുക്കിയത്. എന്നാല്‍ കെണിയില്‍ കുടുങ്ങിയതാവട്ടെ എലിയെ പിടിക്കാന്‍ വന്ന വളവളപ്പന്‍ പാമ്പ്. കഴിഞ്ഞ ദിവസമാണ് ജീവനക്കാരെ ഞെട്ടിച്ച് കെണിയില്‍ പാമ്പ് കുടുങ്ങിയത്.

ഫയലുകള്‍ കരണ്ടുതിന്നാന്‍ വരുന്ന എലിയെ പിടിക്കാനാണ് ജീവനക്കാര്‍ കടലാസ് ബോര്‍ഡില്‍ പശ പുരട്ടിക്കൊണ്ടുള്ള കെണി തയാറാക്കിയത്. ബോര്‍ഡിന്റെ മധ്യത്തിലായി ഭക്ഷണാവശിഷ്ടം വെക്കും. ഇത് തിന്നാന്‍ കെണിയില്‍ കയറുന്ന എലി അനങ്ങാനാവാതെ പശയില്‍ കുടുങ്ങിപ്പോകും. ഈ കെണിയാണ് കലക്റ്ററേറ്റില്‍ പല സെക്ഷനിലും വെച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേഷനില്‍ വെച്ചിരിക്കുന്ന കെണിയിലാണ് പാമ്പ് കുടുങ്ങിയത്. ബോര്‍ഡിലേക്ക് കയറിയ പാമ്പ് പശയില്‍ കുടുങ്ങുകയായിരുന്നു.

അഡിമിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഇന്നലെ ആദ്യം എത്തിയ സൂപ്രണ്ട് എം. മായയും ക്ലര്‍ക്ക് അര്‍ജുനുമാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് പരിഹാരം സെല്ലിലെ ക്ലര്‍ക്ക് വിഷ്ണുവിന്റെ നേതൃത്വത്തില്‍ പശയില്‍ നിന്ന് പാമ്പിനെ വേര്‍പെടുത്തി. കുറച്ചുനേരം പാമ്പിനെ കലക്റ്ററേറ്റില്‍ പ്രദര്‍ശനത്തിന് വെച്ചശേഷം വളപ്പിന് പുറത്തേക്ക് തുറന്നുവിട്ടു. ഫയല്‍ കൂമ്പാരത്തിനിടയില്‍ ഇനിയും പാമ്പുണ്ടാകുമെന്ന ഭയത്തിലാണ് ജീവനക്കാര്‍.

ഇത് ആദ്യമായിട്ടല്ല കലക്റ്ററേറ്റിലെ ഫയലുകള്‍ക്കിടയില്‍ പാമ്പ് കുടുങ്ങുന്നത്. എലിയുടേയും പാമ്പിന്റേയും ശല്യം മാത്രമല്ല പൂച്ചയും മരപ്പിട്ടിയുമെല്ലാം കലക്റ്ററേറ്റില്‍ പ്രസവിക്കുന്നതും പതിവ് സംഭവമാണ്. രണ്ടാഴ്ച മുന്‍പ് കലക്റ്ററേറ്റിലെ പുതിയ ബ്ലോക്കില്‍ മരപ്പട്ടി മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com