വസ്തുതകൾ ആരും ആന്വേഷിക്കുന്നില്ല; ഇനിയും കഥ മെനയരുത്; ജസ്നയെ കണ്ടെത്താൻ ഇത് തിരിച്ചടിയാകുമെന്ന് സഹോദരി

പലയിടത്തുനിന്നും ലഭിക്കുന്ന ഭാഗികവും അടിസ്ഥാനമില്ലാത്തതുമായ വിവരങ്ങള്‍ ചേര്‍ത്തുവെച്ച് കഥകള്‍ മെനയുകയാണ് പലരും ചെയ്യുന്നത്. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാന്‍ ആരും മെനക്കെടുന്നില്ല.
വസ്തുതകൾ ആരും ആന്വേഷിക്കുന്നില്ല; ഇനിയും കഥ മെനയരുത്; ജസ്നയെ കണ്ടെത്താൻ ഇത് തിരിച്ചടിയാകുമെന്ന് സഹോദരി

കോട്ടയം: മുക്കൂട്ടുതറ കൊല്ലമുളയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനി ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നടക്കുന്നത് അപവാദ പ്രചാരണമാണെന്ന് ജസ്‌നയുടെ സഹോദരി. സഹോദരിയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ കൂടുതല്‍ തളര്‍ത്തുന്ന വിധത്തിലാണ് പലരും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അതില്‍നിന്ന് പിന്മാറണമെന്നും ജസ്‌നയുടെ സഹോദരി ജെസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. 

പലയിടത്തുനിന്നും ലഭിക്കുന്ന ഭാഗികവും അടിസ്ഥാനമില്ലാത്തതുമായ വിവരങ്ങള്‍ ചേര്‍ത്തുവെച്ച് കഥകള്‍ മെനയുകയാണ് പലരും ചെയ്യുന്നത്. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാന്‍ ആരും മെനക്കെടുന്നില്ല. പിതാവിനെക്കുറിച്ച് മോശമായ രീതിയില്‍ പലരും പലതും പറയുന്നുണ്ട്. തനിക്കും സഹോദരനും പിതാവിനെ പൂര്‍ണ വിശ്വാസമാണ്. പത്തു മാസം മുന്‍പ് അമ്മ മരിച്ചതിനു ശേഷം വളരെ കരുതലോടെയാണ് പപ്പ ഞങ്ങളെ ശ്രദ്ധിച്ചിരുന്നത്. ജസ്‌ന തിരിച്ചുവരുമെന്നുതന്നെയാണ് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നതെന്നും ജെസി പറയുന്നു. 

യാഥാര്‍ഥ്യം അന്വേഷിക്കാതെയാണ് പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ജസ്‌നയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. ആരോപണങ്ങള്‍ പോലീസ് അന്വേഷണത്തെയും വഴിതിരിച്ചുവിട്ടിട്ടുണ്ട്. തങ്ങളെ സഹായിക്കാന്‍ ആരും ഇനി വീട്ടിലേക്കു വരേണ്ടതില്ലെന്നും കുടുംബത്തെ തളര്‍ത്തുന്ന വിധത്തിലുള്ള ആരോപണങ്ങള്‍  ഉണ്ടാവരുതെന്നും വീഡിയോയില്‍ ജെസി ആവശ്യപ്പെടുന്നു.

ജസ്‌നയുടെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയങ്ങളുണ്ടെന്നും പിതാവിനെ ചോദ്യംചെയ്താല്‍ ജസ്‌നയുടെ തിരോധനത്തിന്റെ ചുരുളഴിയുമെന്നും കഴിഞ്ഞ ദിവസം പ്രമുഖ നേതാവും എംഎല്‍എയുമായ വ്യക്തി ആരോപിച്ചിരുന്നു. താന്‍ ജസ്‌നയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ജസ്‌നയുടെ തിരോധാനത്തില്‍ ദുഃഖമുള്ള പോലെയല്ല പിതാവും സഹോദരങ്ങളും പെരുമാറിയത്. ജസ്‌നയുടെ പിതാവിനെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ നല്ല അഭിപ്രായമല്ല ഉള്ളത്. അന്വേഷണം തൃപ്തികരമല്ലെന്നും പോലീസ് നടത്തുന്നത് യഥാര്‍ഥ അന്വേഷണമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com