സീറ്റിനു വേണ്ടി മാണി നിര്‍ബന്ധം പിടിച്ചു; വിട്ടുകൊടുത്തത് വേദനയോടെയെന്ന് ഹസന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2018 11:46 AM  |  

Last Updated: 09th June 2018 11:46 AM  |   A+A-   |  

mani_hasan

 

തിരുവനന്തപുരം: രാജ്യസഭാ സീറ്റു വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് എം ഉറച്ചുനിന്നതിനാലാണ് വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് വേദനയും ദുഃഖവുമുണ്ടെന്ന് ഹസന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളിലാണ് രാജ്യസഭാ സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കേരള കോണ്‍ഗ്രസ് അറിയിച്ചത്. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ അവര്‍ അനിവാര്യമാണ് എന്നതിനാല്‍ അത് അംഗീകരിക്കുകയായിരുന്നു. സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വേദനയും ദുഃഖവുമുണ്ട്. എന്നാല്‍ മുന്നണിക്കു വേണ്ടി മുന്‍പും ത്യാഗം ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഹസന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം കെപിസിസി മനസിലാക്കുന്നു. എന്നാല്‍ പ്രതിഷേധം അതിരു വിടരുതെന്ന് ഹസന്‍ പറഞ്ഞു. അതിരു വിട്ടാല്‍ അതു പാര്‍ട്ടിക്ക് അപകടകരമാവും.

താനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു ന്ല്‍കാനുള്ള തീരുമാനമെടുത്തത്. കോണ്‍ഗ്രസ് എന്നും അങ്ങനെ തന്നെയാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. രഹസ്യ സ്വഭാവം പാലിക്കേണ്ടതിനാലാണ് പാര്‍ട്ടിയുടെ മറ്റു തലങ്ങളില്‍ ഇതു ചര്‍ച്ച ചെയ്യാതിരുന്നത്.

മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാനുള്ള തീരുമാനം എല്ലാവരുടെയും അറിവോടെയാണ് എടുത്തത്. നേരത്തെ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മാണിയുമായി ചര്‍ച്ച നടത്താന്‍ പികെ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചത് യുഡിഎഫ് ആണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. സിപിഎമ്മിനെയും ബിജെപിയെയും നേരിടാന്‍ കേരള കോണ്‍ഗ്രസ് മുന്നണിയില്‍ വേണമെന്നാണ് വിലയിരുത്തലെന്ന് ഹസന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ തീരുമാനം ബിജെപിയെ ശക്തിപ്പെടുത്തുമെന്ന വിഎം സുധീരന്റെ അഭിപ്രായം വ്യക്തിപരമാണ്. അതു ശരിയായ വിലയിരുത്തല്‍ അല്ലെന്ന് ഹസന്‍ പറഞ്ഞു. 

ലോക്‌സഭാംഗത്വം രാജിവയ്പിച്ച് ജോസ് കെ മാണിയെ രാജ്യസഭാ  സ്ഥാനാര്‍ഥിയാക്കാനുള്ള കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാനില്ല. അത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് ഹസന്‍ പറഞ്ഞു.