കഴിവു കെട്ട നേതൃത്വം മാറണം; കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് മുറവിളി 

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമൂലമായ മാറ്റം വേണമെന്ന് അനില്‍ അക്കരെയും വിടി ബല്‍റാമും
കഴിവു കെട്ട നേതൃത്വം മാറണം; കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് മുറവിളി 


തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ കലാപം ശക്താവുന്നു. സീറ്റ് വിട്ടുകൊടുത്തത് കഴിവുകേടാണെന്ന് ആരോപിച്ച നേതാക്കള്‍ നേതൃമാറ്റ ആവശ്യം പരസ്യമായി ഉന്നയിച്ചു രംഗത്തുവന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമൂലമായ മാറ്റം വേണമെന്ന് അനില്‍ അക്കരെയും വിടി ബല്‍റാമും ആവശ്യപ്പെട്ടു. സീറ്റ് വിട്ടുനല്‍കിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് വിഎം സുധീരന്‍ ആരോപിച്ചു. 

കഴിവ്‌കെട്ട നേതൃത്വവും ഉപദേശികളും അടക്കം സമൂലമായമാറ്റം വേണമെന്ന് അനല്‍ അക്കര എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. എവിടെയൊക്കെയാണെങ്കില്‍ അവിടെയൊക്കെ മാറണം. എ കെ ആന്റണി ഇടപെടണമെന്നും അനില്‍ അക്കരെ നിര്‍ദേശിച്ചു.

കേരളത്തിലെ രണ്ടോ മൂന്നോ നേതാക്കള്‍ക്ക് മാത്രമാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തമെന്ന് വിടി ബല്‍റാം ചൂണ്ടിക്കാട്ടി. അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള എന്ത് മാന്‍ഡേറ്റാണ് ഈപ്പറഞ്ഞ നേതാക്കള്‍ക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല. രണ്ട് ഗ്രൂപ്പുകളുടെ നേതാക്കള്‍ മറ്റാരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം ഏതെങ്കിലും തീരുമാനമെടുത്താല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പരസ്പരം മേല്‍ക്കൈ നേടാനുള്ള കുതന്ത്രങ്ങള്‍ ഒളിച്ചു കടത്താനും നോക്കുകയാണെങ്കില്‍ അതിനെ കണ്ണടച്ച് അംഗീകരിച്ച് ഈ നേതാക്കള്‍ക്ക് ഹലേലുയ പാടാന്‍ ഗ്രൂപ്പുകള്‍ക്കപ്പുറത്ത് പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയുള്ള യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് ഇനിയും കഴിയും എന്ന് തോന്നുന്നില്ല- ബല്‍റാം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അര്‍ഹിക്കുന്നു. കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുന്ന, കുറച്ചുകൂടി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ കഴിയുന്ന, പൊതു സമൂഹത്തിന് മുന്‍പില്‍ കുറച്ചു കൂടി വിശ്വാസ്യത പുലര്‍ത്തുന്ന, പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാനറിയാവുന്ന, സ്വന്തം അധികാര പദവികള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിന്റേയും മതേതര കേരളത്തിന്റേയും ഭാവിയേക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന ഒരു നേതൃത്ത്വമുണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് സുധീരന്‍ ആരോപിച്ചു. ഉച്ചയ്ക്ക് ഒന്നര വരെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത് സീറ്റ് വിട്ടുനല്‍കില്ലെന്നാണ്. ഇതാണ് വൈകിട്ട് മാറിമറിഞ്ഞത്. ദുരൂഹമായ ഈ മാറ്റത്തിനു പിന്നില്‍ അട്ടിമറിയുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംശയം- സുധീരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com